സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോൾ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതായി വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി രാജീവ്അറിയിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങളുടെ ഭാഗമായി 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1,09,739 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. ഈ കാലയളവിൽ മലപ്പുറം, എറണാകുളം ജില്ലകളിൽ അയ്യായിരത്തിലധികം സംരംഭങ്ങളും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നാലായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി അൻപത്തി ആറായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.
വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർഗോഡ് ജില്ലകളിലായി ആറായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ- ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കൃഷി, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 7,500 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 400 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 19,500 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈൽ മേഖലയിൽ 5,800 സംരംഭങ്ങളും 250 കോടി രൂപയുടെ നിക്ഷേപവും 12.000 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് മേഖലയിൽ 2100 സംരംഭങ്ങളും 120 കോടി രൂപയുടെ നിക്ഷേപവും 3,900 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 4,300 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 270 കോടി രൂപയുടെ നിക്ഷേപവും 9900 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 17,000 സംരംഭങ്ങളും 980 കോടിയുടെ നിക്ഷേപവും 32000 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.

ദേശീയ തലത്തിൽ, ഓരോ വർഷവും 30 ശതമാനം ചെറുകിട സംരഭങ്ങൾ അടച്ചു പൂട്ടുന്നുവെന്നതാണ് കണക്ക്. ഈ പശ്ചാത്തലത്തിൽ സംരഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായത്തിന് ടെക്‌നോളജി ക്ലിനിക്കുകളും, വിദഗ്ദ്ധാഭിപ്രായങ്ങൾക്ക് വിദഗ്ദ്ധ പാനലുകളുടെ സേവനവും ലഭ്യമാക്കും. ഇതോടൊപ്പം പ്രത്യേക പ്രദേശങ്ങളിൽ സമാന സ്വഭാവമുള്ള സംരഭങ്ങൾക്ക് ആവശ്യമെങ്കിൽ ക്ലസ്റ്റർ ഫെസിലിറ്റേഷൻ സെന്ററുകൾ സർക്കാർ ആരംഭിക്കും. പൊതുവായി ഉപയോഗിക്കേണ്ടി വരുന്ന ഉപകരണങ്ങളും, സാങ്കേതിക വിദ്യകളും ഇതിലൂടെ സംരംഭകർക്ക് ലഭ്യമാക്കും. 445 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്ലസ്റ്റർ ഫെസിലിറ്റേഷൻ സെന്ററിന് അംഗീകാരം നൽകി. സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള 11 എണ്ണം പരിഗണിച്ചതിൽ 6 എണ്ണം സർക്കാർ അംഗീകരിച്ചു.

പത്ത് ഏക്കറിന് മുകളിൽ വസ്തു കൈവശമുള്ള വ്യക്തികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവക്ക് പാർക്കിന് അപേക്ഷിക്കാം. ഇതിനായി ഭൂ പരിഷ്‌ക്കരണ നിയമത്തിൽ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. ഓൺലൈനായുള്ള അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനം അറിയിക്കും. സംരഭക സൗഹൃദമാർന്ന സമീപനത്തോടെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

Leave Comment