മദര്‍തെരേസ ദിനാചാരണം ഉദ്ഘാടനം ചെയ്തു
സമൂഹത്തില്‍ ആരും ഒറ്റയ്ക്കല്ലെന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദു. അനുകമ്പയുടെ ആള്‍രൂപമായിരുന്നു മദര്‍തെരേസ. ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മദറിന്റേതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച മദര്‍തെരേസ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ സ്നേഹത്തെ മുന്‍നിര്‍ത്തി ചെറിയ നിരവധി കാര്യങ്ങള്‍ ചെയ്യാമെന്ന് പഠിപ്പിച്ച മാനവ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് മദര്‍ തെരേസ. മദറിനെ അനുസ്മരിച്ചുകൊണ്ട് സമൂഹത്തിലെ അശരണരെ ചേര്‍ത്തുപിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസമാണിതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഹോമുകളിലും സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന ഹോമുകളിലും മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ നിരാലംബര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. മദര്‍ പ്രസരിപ്പിച്ച മാതൃക പിന്തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ സമൂഹമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

Leave Comment