ഹൂസ്റ്റൺ : കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ടു നിൽക്കുന്ന പദയാത്ര 2023 ജനുവരി 30 ന് സമാപിക്കും.ഒഐസിസി യുഎസ്എയെ പ്രതിനിധികരിച്ച് നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ പങ്കെടുക്കും. കന്യാകുമാരിയിൽ നിന്നും കേരളത്തിലേക്കുള്ള പദയാത്രയിലാണ് അണിചേരുക.

രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആവേശത്തോടെയാണ് ഈ പദയാത്രയെ കാത്തിരിക്കുന്നത്. ‘ഭാരത് ജോഡോ യാത്ര’ എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും. ഗുജറാത്തിൽ കടക്കുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്ററാണ് പദയാത്ര.

സെപ്റ്റംബർ ഏഴിനു യാത്ര ആരംഭിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി തന്‍റെ പിതാവിന്‍റെ രക്തം വീണ ശ്രീപെരുംപുത്തൂരിലെത്തി അനുഗ്രഹം തേടും. ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മൃതി മണ്ഡപത്തിലെ രാഹുലിന്‍റെ ആദ്യ സന്ദർശനമാണിത്. സെപ്റ്റംബർ 11ന് രാവിലെ കേരള അതിർത്തിയിലെ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശ്ശൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ റാലികൾ നടക്കുക.

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment