രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

Spread the love

ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂരിന്റെ ജനപ്രിയ എംഎൽഎ യും, കേരളനിയമസഭയിലെ മിന്നും താരവുമായ ശ്രീ എൽദോസ് കുന്നപ്പിള്ളി പ്രസ്ഥാപിച്ചു. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്റുവും, വല്ലഭായി പട്ടേലും ആസാദും ഒക്കെ കൊളുത്തി തന്ന ദീപശിഖയുമായിട്ടാണ് ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അണികളായ നാം ഓരോരുത്തരും മുന്നോട്ടു പോകുന്നത്. ആ ഐക്യവും ഒത്തൊരുമയും സമാധാനവും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങി അസമാധാനവും, അരാജകത്വവും, വർഗ്ഗീയ വിദ്വേഷങ്ങളും വളർത്തി രാജ്യത്തെ രണ്ടാക്കാൻവേണ്ടിയുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം പറയാതിരിക്കാൻ വയ്യാ.

അമേരിക്കയുടെ ചരിത്രത്തെക്കാൾ കൂടുതൽ ചരിത്രം നമ്മുടെ ഇൻഡ്യാ മഹാരാജ്യത്തിന് പറയുവാൻ കഴിയും. ആ ചരിത്രത്തിൽ നമ്മുടെ രാജ്യത്തെ പല നിർണായക ഘട്ടത്തിലും മുന്നോട്ടു കൊണ്ടുപോയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണം മുതലുള്ള ചരിത്രം ആണ് . പക്ഷേ ഇന്ന് നരേന്ദ്രമോദിയും കൂട്ടരും ആ ചരിത്രം വളച്ചൊടിക്കുന്നു. രാജ്യസഭയിലും ലോകസഭയിലും പ്രതിഷേധിക്കുന്ന കോൺഗ്രസ് അംഗങ്ങളെ, അവർക്ക് പറയാനുള്ള സ്വാതന്ത്ര്യത്തെ Picture3

അടിച്ചമർത്തുകയാണ് നരേന്ദ്രമോദിയുടെ ഗവർമെൻറ് ചെയ്യുന്നത്. കേരളത്തിലും കേന്ദ്രത്തിലും ഇന്ന് ജനങ്ങൾക്ക് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു.. പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു.. സംഘടിക്കാനുള്ള സ്വാതന്ത്ര്യം റദ്ദാക്കുന്നു ഈ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യങ്ങൾ വീണ്ടെടുക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തിയാർജിച്ച് മുന്നോട്ട് വരണം എന്നുള്ള കാര്യം എൽദോസ് കുന്നപ്പിള്ളി ആവേശകരമായ തന്റെ പ്രസംഗത്തിലൂടെ ഉദാഹരണ സഹിതം വ്യക്തമാക്കി.

ജീവിതം അമേരിക്കയിൽ ആണെങ്കിലും നിങ്ങളുടെ മനസ്സ് മുഴുവൻ കേരളത്തിലാണ് എന്നതിന്റെ തെളിവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ നെഞ്ചോട് ചേർത്തുവെച്ചുകൊണ്ട് ഈ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുവാനായി വൻ ജനാവലി ഇവിടേക്ക് കടന്നുവന്നത്.

ഈ ചാപ്റ്ററിന്റെ ശക്തനായ പ്രസിഡന്റ് സാബു സ്കറിയായുടെ ശക്തമായ നേതൃത്വത്തിൽ ഐ ഓ സി പെൻസിൽവാനിയാ ചാപ്റ്റർ കോൺഗ്രസ്സ് ദേശീയ പ്രസ്ഥാനത്തിന്റെ അഭിമാനമായി വളരെയട്ടെയെന്ന് ആശംസിച്ചതിനോടൊപ്പം, രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയ, രക്തം നൽകിയ, വിയർപ്പ് നൽകിയ ധീരദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്.. രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന സൈനികരെ നന്ദിയോടെ സ്മരിച്ചുകൊച്ചുകൊണ്ടുമാണ് എൽദോസ് കുന്നപ്പിള്ളി ആണ് MLA തന്റെ പ്രസംഗം അവസാനിപ്പിച്ചത്..

ഫ്യൂഷൻ മ്യൂസിക് , മലയാളം ഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തി മാനവ് സുരേഷ് അവതരിപ്പിച്ച ഇൻസ്ട്രമെന്റ് മ്യൂസിക്, നിമ്മി ദാസ്, ഡോക്ടർ ആനി എബ്രഹാം എന്നിവർ ചേർന്നവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ കാണികളെ ഏറെ ആകർഷിച്ചു. സാബു പാമ്പാടി, ജെസ്ലിൻ സാബു, റേച്ചൽ ഉമ്മൻ, സൂസൻ, അഭിയ മാത്യു, അനൂപ് , അൻസു വർഗീസ്, കെവിൻ വർഗീസ്, ഹിൽഡ സുനിൽ എന്നിവരുടെ ശ്രവണ സുന്ദരമായ ഗാനങ്ങൾ ശ്രോതാക്കൾ കരഘോഷത്തോടുകൂടി സ്വീകരിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾ വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി വിജയകരമായി പര്യവസാനിച്ചു.

റിപ്പോർട്ട്: രാജു ശങ്കരത്തിൽ, പി.ആര്‍.ഒ

Author