വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം എന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. അതിനവര്‍ തയ്യാറാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും.ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ളതല്ല. മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നിലവില്‍ ലിറ്ററിന് 25 രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കണം. ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ഒരു പദ്ധതി ആവിഷ്കരിച്ച് സര്‍ക്കാര്‍ നടപ്പാക്കും.തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള പരിഹാരം
പ്രകൃതിക്ഷോഭം പോലുള്ള ഘട്ടങ്ങളിലും കോവിഡ് സാഹചര്യത്തിലും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായവും, സൗജന്യ റേഷനും, ഭക്ഷ്യക്കിറ്റും, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ന്നും ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കും.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍
മുതലപ്പൊഴി ഹാര്‍ബറിന്‍റെ വടക്കുവശത്തായി 23 കോടി രൂപ ചെലവില്‍ 1.91 കി.മീ ദൂരം ഗ്രോയിന്‍ സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ഇത് തുറമുഖത്ത് ലാന്‍റിംഗ് സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave Comment