പച്ചക്കറികൾ വിലക്കുറവിൽ; 86 ഓണച്ചന്തകളുമായി കൃഷി വകുപ്പ്

Spread the love

വി.എഫ്.പി.സി.കെ. പതിനേഴും ഹോർട്ടികോർപ്പ് ഇരുപത്തിയെട്ടും ഓണച്ചന്തകൾ ആരംഭിക്കും

കോട്ടയം: ഓണത്തോടനുബന്ധിച്ചു പച്ചക്കറികൾ വിലക്കുറവിൽ ജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലയിൽ 86 ഓണച്ചന്തകൾ ഒരുക്കും. പ്രാദേശിക കർഷകരിൽനിന്നു ശേഖരിക്കുന്ന കാർഷിക ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിൽ ഓണച്ചന്തകൾ വഴി ലഭ്യമാക്കും. കർഷകർക്ക് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയാകും സംഭരിക്കുക. സെപ്റ്റംബർ നാലു മുതൽ ഏഴുവരെയാണ് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തിലും ഓണച്ചന്തകൾ ആരംഭിക്കുക.പഞ്ചായത്ത് എക്കോഷോപ്പുകൾ, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ എന്നിവ മുഖേനയാണ് കൃഷിവകുപ്പ് ഓണച്ചന്തകൾ സംഘടിപ്പിക്കുക. 65,000 രൂപ വീതം 86 ഓണച്ചന്തകൾക്കും കൃഷിവകുപ്പ് സഹായം നൽകും. 55.9 ലക്ഷം രൂപ ഇതിനായി മാറ്റിവെക്കും.ജൈവകൃഷിപോലുള്ള മികച്ച കൃഷി രീതികളിലൂടെ ഉൽപ്പാദിപ്പിക്കുന്ന വിളകൾക്ക് വിപണിവിലയേക്കാൾ 20 ശതമാനം അധികം തുക നൽകി സംഭരിക്കും. ഇത്തരം വിളകൾക്കു വിപണിവിലയേക്കാൾ 10 ശതമാനം വിലകുറച്ചാണ് വിൽക്കുക. 100 രൂപപച്ചക്കറി കിറ്റുകളും ലഭ്യമാക്കും. പ്രാദേശികവിപണിയിൽ ലഭ്യമല്ലാത്ത വിളകൾ ഹോർട്ടികോർപ്പ് ഓണച്ചന്തകൾക്ക് എത്തിച്ചു നൽകും. എക്കോഷോപ്പുകൾ പ്രാദേശിക ബ്രാൻഡുകളിലുള്ള അരിയും, മറ്റ് ഉൽപന്നങ്ങളും വിൽക്കും. ഹരിതചട്ടം പാലിച്ചാവും ഓണച്ചന്തകളുടെ പ്രവർത്തനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ അധ്യക്ഷയായ കമ്മറ്റി മേള ദിവസങ്ങളിൽ രാവിലെ യോഗം ചേർന്നു വില നിശ്ചയിക്കും.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) പതിനേഴും ഹോർട്ടികോർപ്പ് ഇരുപത്തിയെട്ടും ഓണച്ചന്തകൾ ആരംഭിക്കും. ഓണച്ചന്തകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി.റിയിച്ചു.

Author