ഇൻഡ്യാക്കാരനോട് വീണ്ടും കലിപ്പ്‌ ! ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

Spread the love

ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കാണാൻ പറ്റില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതുകൊണ്ടാണല്ലോ ഏത് പട്ടിയെക്കണ്ടാലും അവനൊന്ന് മുറുമുറുക്കുകയെങ്കിലും ചെയ്യുന്നത് . പക്ഷേ കുറച്ചുകഴിയുമ്പോൾ അവർ നല്ല ചിരപരിചിതരെപ്പോലെ മുട്ടിയുരുമ്മി തെരുവിന്റെ ഓരത്ത് നിൽക്കുന്നതും കാണാം. പക്ഷേ പട്ടികളെ ഇത്രയും സ്നേഹിച്ചു പരിപാലിക്കുന്ന മനുഷ്യന് പ്രത്യേകിച്ചും നമ്മുടെ ഗോത്രവർഗ്ഗക്കാർക്കു, സ്വന്തം നാട്ടുകാരൻ ആണെങ്കിലും ഇടപഴകാൻ സ്വല്പം മടിയാണ്.

ഒത്താൽ മറ്റവനെ തുരത്തിയോടിക്കാനും മുൻകൈ എടുക്കുമെന്നാണ് എന്റെ പരിചയക്കാരൻ വറുഗീസ് പറയുന്നത്. ” ഇവിടെ വന്നിട്ട് പത്തുനാല്പതു് വർഷം കഴിഞ്ഞെങ്കിലും, കിട്ടിയ പല ജോലിയും പോയത് കൂടെ പണി ചെയ്ത ഇൻഡ്യാക്കാരൻ വേല വെച്ചിട്ടാണ് “, എന്ന് കാണുമ്പോഴൊക്കെ പറയുന്ന ആ പരിചയക്കാരനോട് പലപ്പോഴും യോജിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസത്തെ വാർത്ത ഒന്നുകൂടി ചേർക്കട്ടെ.

വാഷിംഗ്ടൺ, ആഗസ്റ്റ് 31 (IANS) ഒരു ഇന്ത്യൻ വംശജനായ ഒരാൾ മറ്റൊരു ഇന്ത്യൻ വംശജനെതിരെ വിദ്വേഷ കുറ്റം നടത്തി പോലീസ്പിടിയിൽ ആയിരിക്കുന്നു, ഒരുപക്ഷേ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇതെന്ന് തോന്നുന്നു.

37 കാരനായ തേജീന്ദർ സിംഗിനെതിരെ പൗരാവകാശ ലംഘനം, ആക്രമണം, നിന്ദ്യമായ ഭാഷ ഉപയോഗിച്ച് പൊതുസ്ഥലത്ത് അസ്വസ്ഥത സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് കാലിഫോർണിയ പ്രോസിക്യൂട്ടർമാർ ചുമത്തിയിരിക്കുന്നത്. അദ്ദേഹം കസ്റ്റഡിയിലല്ല, മറിച്ച് പ്രൊബേഷനിലാണ്, കോടതി തീയതിക്കായി കാത്തിരിക്കുകയാണ്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു മെക്സിക്കൻ അമേരിക്കൻ എന്ന് സ്വയം വിളിച്ചു കൂവുന്ന ഒരു വനിതയുടെ, ഇൻഡ്യാക്കാരോടുള്ള വിദ്വേഷം കാട്ടുന്ന വീഡിയോ ലോകമെമ്പാടും വൈറൽ ആയി കണ്ടുകൊണ്ടിരിക്കുന്ന ഈ ദിവസ്സങ്ങളിൽ തന്നെ അതിലും തരം താഴ്ന്ന പരിപാടിയാണ് ഇൻഡ്യാക്കാരനായ തേജീന്ദർ സിങ് കാട്ടിക്കൂട്ടിയത്.

“ഇന്ത്യയിലേക്ക് മടങ്ങുക, ഞങ്ങൾക്ക് നിങ്ങളെ ഇവിടെ ആവശ്യമില്ല,” മെക്സിക്കൻ-അമേരിക്കൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ കഴിഞ്ഞ ശനിയാഴ്ച ടെക്സസിലെ പ്ലാനോയിൽ ഒരു കൂട്ടം ഇന്ത്യൻ അമേരിക്കക്കാരോട് പുലഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത് തീരെ നിസാര സംഗതിയല്ല. ” എങ്ങോട്ടു തിരിഞ്ഞാലും അവിടെല്ലാം “യൂ ഫക്കിങ് ഇന്ത്യൻസ് ” എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ആക്രമിക്കാൻ തയ്യാറാകുമ്പോൾ, ഒന്ന് മനസിലാക്കണം നമ്മോടു അസൂയയും പകയും വച്ചു പുലർത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന് . ഇങ്ങോട്ട് കുരച്ചു കൊണ്ട് വന്നാലും, തിരിച്ചു കുരക്കാന്‍ നമുക്കും അറിയാം എന്ന് തെളിയിക്കാൻ ശ്രമിക്കേണ്ടാ, കാരണം നമ്മുടെ കയ്യിലെ തോക്കില്ലാത്തതായുള്ളു.

ആ സ്ത്രീയെ പിന്നീട് അറസ്റ്റ് ചെയ്തു. “ടെക്സസ് നിയമങ്ങൾ അനുസരിച്ച് ഈ സംഭവം വിദ്വേഷ കുറ്റകൃത്യമാണ്,” പ്ലാനോ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. “ഈ സംഭവം ഫെഡറൽ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിദ്വേഷ കുറ്റകൃത്യമാണ്, ഞങ്ങൾ ഈ കേസിൽ എഫ്ബിഐയുമായും ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്സ് ഡിവിഷനുമായും ചേർന്ന് പ്രവർത്തിക്കുന്നു.” എന്നൊരു പ്രസ്താവനയും പിന്നാലെ കണ്ടതും മിച്ചം.

ഇന്ത്യക്കാരും ഇന്ത്യൻ വംശജരായ അമേരിക്കക്കാരും വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങൾക്കും പരാമർശങ്ങൾക്കും അക്രമത്തിനും പോലും ഇരയാകുന്നു. ശ്രീനിവാസ് കുച്ചിഭോട്‌ല എന്ന കമ്പ്യൂട്ടർ എഞ്ചിനീയറെ 2017-ൽ കൻസാസിൽ വച്ച് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആളാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ കൊലപ്പെടുത്തിയിരുന്നു. 2001 സെപ്തംബർ 11-ലെ ഭീകരാക്രമണത്തിനെതിരായ തിരിച്ചടിയിൽ കൊല്ലപ്പെട്ട ആദ്യത്തെ വ്യക്തിയാണ് ബൽബീർ സിംഗ് സോധി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഒരാളാണെന്ന് അദ്ദേഹം വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടു. സിഖുകാർ തങ്ങളെത്തന്നെ പലപ്പോഴും ലക്ഷ്യമിടുന്നതായി ആരോപിക്കുന്നുമുണ്ട്.

എന്നാൽ തിങ്കളാഴ്ച കാലിഫോർണിയയിൽ നടന്ന സംഭവം ഒരു ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ മറ്റൊരു ഇന്ത്യൻ വംശജനെതിരെ വിദ്വേഷ കുറ്റകൃത്യം ചെയ്തു കുറ്റവാളിയാകുന്നത് ആദ്യ ഉദാഹരണമായിരിക്കാം. ഇരയുടെ മതം, അവൻ ജനിച്ച സ്ഥലം, എന്നിവ സിംഗ് തിരഞ്ഞെടുത്തു. സംഭവത്തിന്റെ വീഡിയോ റെക്കോർഡിംഗിൽ, തിങ്കളാഴ്ച കാലിഫോർണിയയിലെ ടാക്കോ ബെൽ റെസ്റ്റോറന്റിൽ കൃഷ്ണൻ ജയരാമൻ എന്ന് സ്വയം തിരിച്ചറിഞ്ഞ മറ്റൊരു ഉപഭോക്താവിന്റെ മേൽ, സിംഗ് അറിഞ്ഞുകൊണ്ടുതന്നെ പുലഭ്യവര്ഷം നടത്തുകയായിരുന്നു.

സിംഗ് അദ്ദേഹത്തെ “വൃത്തികെട്ട കഴുത ഹിന്ദു”, “വൃത്തികെട്ട കഴുത ഹിന്ദു” എന്ന് ആവർത്തിച്ച് വിളിക്കുകയും ചെയ്തു. സിഖ് അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കാൻ അദ്ദേഹം പഞ്ചാബി ഭാഷയിലും ആക്രോശം തുടർന്നുവെന്നു പറയപ്പെടുന്നു.

“ബീൻ ബുറിറ്റോസ്” എന്ന ജയരാമന്റെ വെജിറ്റേറിയൻ ഓർഡറിനെയും മാത്രമല്ല, തന്റെ “തുറന്ന കാൽവിരലുകൾ” ചൂണ്ടിക്കാണിച്ചു, “വെറുപ്പുളവാക്കുന്നു” എന്ന് സിംഗ്‌ വിളിച്ചുകൂവുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“നിങ്ങളുടെ വൃത്തികെട്ട ഒരു** കാലുകൾ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങൾ വൃത്തികെട്ടവരാണ്. നിങ്ങൾ വെറുപ്പുളവാക്കുന്നവനും മ്ലേച്ഛനുമാണ്. നിങ്ങൾ വെറുപ്പുളവാക്കുന്ന നായയാണ് ” അസഭ്യവാക്കുകൾ കൂട്ടിക്കലർത്തി സിംഗ്‌ പറഞ്ഞു.

200 വർഷത്തിലേറെയായി ബ്രിട്ടീഷുകാർ ഇന്ത്യയിലെ കോളനിവൽക്കരണത്തിലേക്ക് നയിച്ച ഇംഗ്ലീഷ് ട്രേഡിംഗ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ “ആദ്യം മുട്ടുകുത്തുന്നത്” “നിങ്ങൾ” ആണെന്ന് സിംഗ് ജയരാമനോട് പറഞ്ഞു.

എച്ച്-1 ബി വിസയിൽ യുഎസിൽ എത്തിയവരിൽ ഒരാളായി ജയരാമനെ ഇയാൾ ഇകഴ്ത്തി കളിയാക്കുണ്ടായിരുന്നു. പ്രാദേശിക ജോലിക്കാരുടെ കുറവ് നികത്താൻ അമേരിക്കൻ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നൽകുന്ന ഹ്രസ്വകാല നോൺ-ഇമിഗ്രന്റ് തൊഴിൽ വിസയിൽ വന്നതിനെ പുച്ചിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഐ റ്റി പോലെയുള്ള ഉയർന്ന പ്രത്യേക മേഖലകൾ ഇന്ഡ്യാക്കാർ കയ്യടക്കുന്നത് മൂലം, മറ്റുള്ളവർക്ക് ജോലി സാധ്യതകൾ ഇല്ലാതായേക്കുന്നതിന്റെ ഉത്തരവാദികൾ എന്ന നിലയിൽ, ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും ഇന്ത്യൻ അമേരിക്കക്കാർക്കും തിരിച്ചടി അനുഭവപ്പെട്ടുന്നുണ്ട്.

“ഭക്ഷണം വിളമ്പുന്ന കൗണ്ടറിൽ അധിക്ഷേപകൻ തുപ്പുകയും അത് ചൂണ്ടിക്കാണിച്ചിട്ടും ടാക്കോ ബെൽ ജീവനക്കാർ അതിൽ ഭക്ഷണം വിളമ്പുന്നത് തുടരുകയും ചെയ്തു,” ജയരാമൻ ട്വിറ്ററിൽ എഴുതിയ പോസ്റ്റിൽ ഫ്രീമോണ്ഡ് പോലീസ് പ്രതികരിച്ചതിനും നന്ദി രേഖപ്പെടുത്തി

ഇന്ത്യക്കാരോ ഇന്ത്യൻ അമേരിക്കക്കാരോ വെറുപ്പുളവാക്കുന്ന, അധിക്ഷേപകരമായ ഭാഷയുടെ ലക്ഷ്യമാക്കിയ മറ്റൊരു സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഫ്രീമോണ്ട് സംഭവം. ഇപ്പോൾ ഇതാ മറ്റൊരു വീഡിയോയിൽ, പോളണ്ടിൽ ഒരു അമേരിക്കൻ ടൂറിസ്റ്റ് , ഒരു ഇൻഡ്യാക്കാരനെ സമാനരീതിയിൽ അധിക്ഷേപിക്കുന്ന സംഭവം ഇൻഡ്യാക്കാരോടുള്ള വെറുപ്പിനും കലിപ്പിനും ആക്കം കൂടി വരുന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമായി തള്ളിക്കളയാതെ, ബുദ്ധിപൂർവം ഇങ്ങനെയുള്ള അവസരങ്ങളിൽ സംയമനം പാലിക്കാൻ കുടുംബത്തിലുള്ളവരിൽ അവബോധം വളർത്തുന്നതും അഭികാമ്യമായിരിക്കും .

Dr.Mathew Joys

Author