ഗുണമേന്മയുള്ള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി നഴ്‌സറി നിയമ നിര്‍മാണം നടത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 165 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വിത്തുകളും നടീല്‍വസ്തുക്കളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന സ്വകാര്യ നഴ്‌സറികള്‍ക്ക് ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യ നഴ്‌സറികളെ നിയന്ത്രിക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാകും. വിപണനത്തിന് സര്‍ക്കാര്‍ നിയന്ത്രണവും നിലവില്‍വരും. ഓണ്‍ലൈന്‍ വിത്തുവില്‍പനയ്ക്കു പൂട്ടുവീഴും. മൊബൈല്‍ നഴ്‌സറികളെ നിയന്ത്രിക്കാനും വ്യവസ്ഥകള്‍ വരുമെന്നും മന്ത്രി പറഞ്ഞു.
കൃഷിദര്‍ശന്‍ എന്ന പേരില്‍ കര്‍ഷകന്റെ ആവലാതികളും പ്രയാസങ്ങളും കേള്‍ക്കാന്‍ അവരുടെ അടുത്തേക്ക് ചെല്ലുന്ന പദ്ധതി നടപ്പാക്കും. 28 ബ്ലോക്കുകളിലായി 100 ദിവസത്തെ കര്‍മ്മപരിപാടിയാണ് നടക്കുന്നത്. അതേ പോലെ തന്നെ കേരളത്തിലെ 64 ഫാമുകളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാമുകളെ ആധുനിക രീതിയിലേക്ക് മാറ്റും. കേരളത്തിലെ ഫാമുകള്‍ക്ക് വേണ്ടി നബാര്‍ഡ് 137 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തിന്റെ ഫലം ഏറെ ഞെട്ടിക്കുന്നതാണ്. 44 ശതമാനം ഇനങ്ങളില്‍ മാരക കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉടന്‍ പരിശോധനാഫലം ലഭിക്കുന്നില്ലായെന്നതാണ്. എന്നാല്‍, ഉടന്‍ പരിശോധനാഫലം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ എത്തിക്കുകയെന്നതിനേക്കാള്‍, ശാശ്വത പരിഹാരം കൃഷി ചെയ്യാന്‍ മണ്ണിലേക്ക് ഇറങ്ങുകയെന്നത് തന്നെയാണ്. ഓണസീസണ്‍ എത്തുമ്പോള്‍ അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ച് നമ്മുടെ അടുക്കള പ്രവര്‍ത്തിക്കുന്ന സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

Leave Comment