നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്

Spread the love

എൻജിനിയർമാർ നിർമ്മിക്കുന്നത് സ്ട്രക്ച്ചറുകൾ മാത്രമല്ലെന്നും അവർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തദ്ദേശ സ്വയം ഭരണ വകുപ്പ്, എൻജിനിയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദർശൻശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്ത്യക്ക് നിസ്തുലമായ എൻജിനിയറിങ് സംഭാവനകൾ നൽകിയ വിശ്വേശ്വരയ്യയുടെ ജന്മദിനം പരിപാടിക്കായി തെരഞ്ഞെടുത്തത് ഉചിതമാണ്. മൈസൂർ സർവകലാശാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, വൃന്ദാവൻ ഗാർഡൻ തുടങ്ങിയവ നിർമിച്ച അദ്ദേഹം ഹൈദരാബാദ് നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിനാവശ്യമായ പദ്ധതിയും നടപ്പിലാക്കി. മികച്ച എൻജിനിയർക്ക് കാര്യശേഷിയുള്ള ഭരണാധികാരിയാകാനും സാധിക്കുമെന്ന് മൈസൂർ ദിവാനായി സേവനമനുഷ്ഠിച്ച വിശ്വേശ്വരയ്യ തെളിയിച്ചു. ഈ മാതൃകയാണ് എൻജിനീയർമാർ പിൻതുടരേണ്ടത്.
വാർഷിക പദ്ധതിയുടെ 48 ശതമാനം പദ്ധതികളും 32 ശതമാനം ധനവിനിയോഗവും നിർവഹിക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗമാണ്. 82 ശതമാനം റോഡുകളുടെയും സർക്കാർ ഉടമസ്ഥയിലുളള ബഹുഭൂരിപക്ഷം കെട്ടിടങ്ങളുടെയടക്കം നിർമ്മാണവും പരിപാലനവും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചുമതലയാണ്. ഈ പശ്ചാത്തലത്തിൽ പരമാവധി കാര്യക്ഷമമായി പ്രവർത്തിക്കുവാൻ എൻജിനിയർമാർക്ക് കഴിയണം. എന്നാൽ സൂക്ഷ്മ തലത്തിൽ അഴിമതി ഈ മേഖലയിലും നിലനിൽക്കുന്നുണ്ടെന്നതിനാൽ തിരുത്തേണ്ടതാണ്.
കളങ്കമില്ലാതെ ജനങ്ങളുടെ താത്പര്യത്തിൽ പ്രതിബദ്ധതയും കൂറും പുലർത്തണം. സാങ്കേതികത്വത്തിൽ ഊന്നി നീതി നിഷേധിക്കുന്ന പ്രവണതയും അംഗീകരിക്കുവാൻ കഴിയില്ല. നിലവിലെ എൻജിനിയറിങ് പരിശോധന സംവിധാനങ്ങൾ ചട്ടപ്പടി മാത്രം ആകരുത്. എൻജിനിയറിങ് പ്രവൃത്തികളുടെ ഗുണമേന്മ ശാസ്ത്രീയമായി ഉറപ്പാക്കുവാൻ കഴിയണം. എൻജിനിയർമാരായി ചുമതല ഏറ്റെടുക്കുന്നവരെയും നിലവിൽ സർവീസിലുള്ളവരെയും നിരന്തരം പരിശീലനത്തിലൂടെ നവീകരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിവേഗം നഗരവൽക്കരണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്.
പുതിയ മാറ്റങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങളിലടക്കം നവീന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തണം. ജനകീയ ആസൂത്രണത്തിന് ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കുന്നവർ എന്ന രീതിയിൽ മുന്നേറുവാൻ തദ്ദേശ സ്വയംഭരണ എൻജിനിയറിങ് വിഭാഗത്തിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

Author