കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു : അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികളില്ലാത്ത പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കൃഷി ഉദ്യോഗസ്ഥരുടെ എണ്ണവും കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണവും ഓരോ വര്‍ഷവും പെരുകുന്നു. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാന്‍ മാത്രമായി കൃഷി വകുപ്പിന്റെ ആവശ്യമുണ്ടോയെന്ന് ഭരണനേതൃത്വങ്ങള്‍ ഗൗരവമായി ചിന്തിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രഖ്യാപിച്ച ഒരു കാര്‍ഷിക പദ്ധതിപോലും വിജയം കാണാത്തപ്പോള്‍ കൃഷിയുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കപ്പെടുന്നത് അന്വേഷണവിധേയമാക്കണം.

കാര്‍ഷികവളര്‍ച്ചയ്ക്കുതകുന്ന വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്‍ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി അന്യസംസ്ഥാനങ്ങളുടെ കൃഷിരീതികളും കര്‍ഷകസംരക്ഷണവും പാഠമാക്കാന്‍ ശ്രമിക്കണം. ഞങ്ങളും കൃഷിയിലേയ്ക്ക്’പദ്ധതിയും ചിങ്ങം ഒന്നിലെ ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ പ്രഖ്യാപനവും പാഴ്‌വേലയായി. പഴം-പച്ചക്കറി അടിസ്ഥാനവില നടപ്പിലാക്കുന്നതില്‍ കൃഷിവകുപ്പ് പരാജയപ്പെട്ടു. കൃഷിനാശത്തിന്റെ 316.84 കോടി രൂപ നഷ്ടപരിഹാരവും ഇതുവരെ നല്കിയിട്ടില്ല. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ 100 കോടി വിപണന കമ്പനിയും ബജറ്റ് പ്രസംഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുമ്പോഴാണ് നോര്‍വെയില്‍വെച്ച് ഭക്ഷ്യസംസ്‌കരണ നിക്ഷേപ കരാറിന്റെ പ്രഖ്യാപനമെന്നതും കര്‍ഷകര്‍ തമാശയോടെ കാണുന്നു. വന്യജീവി അക്രമത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിഭൂമിയെയും സംരക്ഷിക്കുവാന്‍ കൃഷിവകുപ്പ് യാതൊരു നടപടികളുമെടുക്കാത്തത് കര്‍ഷകര്‍ക്ക് അപമാനമാണ്. കൃഷിഭൂമിയിലേയ്ക്കുള്ള വനംവകുപ്പിന്റെ കടന്നുകയറ്റം തിരിച്ചറിഞ്ഞിട്ടും അതിന് ഒത്താശചെയ്ത് നിഷ്‌ക്രിയരായി കൃഷിവകുപ്പ് സ്വീകരിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ നിലപാടും കര്‍ഷകര്‍ തിരിച്ചറിയണം.

റബര്‍ വിപണിയിലെ തകര്‍ച്ച തുടരുമ്പോഴും വിലസ്ഥിരതാപദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുന്നു. നെല്ലുസംഭരണവും ന്യായവിലയും അട്ടിമറിക്കപ്പെട്ടു. കര്‍ഷകന് 10000 രൂപ പെന്‍ഷന്‍ കൊടുക്കണമെന്ന് വാദിച്ച വ്യക്തി ധനമന്ത്രിയായപ്പോള്‍ 5000 രൂപയുടെ കര്‍ഷക പങ്കാളിത്തമുള്ള കര്‍ഷകക്ഷേമപെന്‍ഷന്‍ പോലും കൊടുക്കേണ്ടതില്ലെന്ന് നിലപാടെടുത്തിരിക്കുന്നത് ദുഃഖകരമാണ്. സംസ്ഥാനത്തെ 72 ശതമാനം കര്‍ഷകരും കടക്കെണിയിലായിട്ടും നടപടികളില്ലാതെ സര്‍ക്കാര്‍ ധനകാര്യധൂര്‍ത്ത് നടത്തുന്നത് എതിര്‍ക്കപ്പെടണം. കര്‍ഷകര്‍ പുതുതലമുറയെ കാര്‍ഷികവൃത്തിയിലേയ്ക്ക് തള്ളിവിടുന്നത് ആത്മഹത്യാപരമാണെന്നും കര്‍ഷകന്റെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റു ജീവിത മാര്‍ഗ്ഗങ്ങളിലേയ്ക്ക് അടിയന്തരമായി മാറുന്നില്ലെങ്കില്‍ ഭാവിയില്‍ കേരളത്തിലെ കര്‍ഷക കുടുംബങ്ങള്‍ അതിരൂക്ഷമായ ജീവിതപ്രതിസന്ധികളെ നേരിടേണ്ടിവരുമെന്നും വി.സി.സെബാസ്റ്റ്യന്‍ ഓര്‍മ്മിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റിയന്‍
സെക്രട്ടറി ജനറല്‍. ഇന്‍ഫാം
+91 70126 41488

 

Author