മാതൃക പ്രീ പ്രൈമറി സ്‌കൂളുകൾ പുതുശാസ്ത്രയുഗത്തിന് തുടക്കമിടും

Spread the love

സമഗ്ര ശിക്ഷ കേരള അനുവദിച്ച 15 ലക്ഷം രൂപ ചെലവിട്ടാണ് പ്രീ സ്‌കൂൾ സാധ്യക്കിയത്
മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകൾ, പുതുശാസ്ത്രയുഗത്തിന് തുടക്കമിടുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. കീഴൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച മാതൃക പ്രീ സ്‌കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ പ്ലേ സ്‌കൂളുകൾ വൻതോതിൽ പണം ഈടാക്കി വിദ്യാഭ്യാസം നൽകുന്നിടത്ത് ശരിയായ രീതിയിൽ തികച്ചും ശാസ്ത്രീയമായ വിദ്യാഭ്യാസം കുരുന്നുകൾക്ക് നൽകുന്ന സംവിധാനമാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന കാഴ്ചപ്പാടിന് മാറ്റം വരുത്തികൊണ്ടാണ് സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമിട്ടത്. സംസ്ഥാനത്ത് ഓരോ നിയോജകമണ്ഡലത്തിലും അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂൾ എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇരുന്നൂറിലധികം പൊതുവിദ്യാഭാസ മന്ദിരങ്ങൾ സർക്കാർ പൂർത്തീകരിച്ചു.
ആധുനിക സാങ്കേതിക വിദ്യയടക്കം പ്രയോജനപ്പെടുത്തിയാണു പരിഷ്‌കൃത രാജ്യങ്ങളിലെ സ്‌കൂളുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കി കീഴൂരിൽ മാതൃക പ്രീ സ്‌കൂൾ പൂർത്തീകരിച്ചത്. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും വിദ്യാർത്ഥികൾക്ക് പഠനത്തിന് ഏറ്റവും അനുകൂല സാഹചര്യം സൃഷ്ടിക്കുകയുമാണ് മാതൃക പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Author