രാജ്യത്തിനു പുറത്തുള്ള വിദ്യാർഥികൾ ഉന്നത പഠനത്തിനായി കേരളത്തിലേക്കു വരും : മുഖ്യമന്ത്രി

*’രാജ്യാന്തര നിലവാത്തിൽ ഉന്നതപഠനം ഇവിടെത്തന്നെ സാധ്യമാക്കും; പഠനത്തിനായി വിദേശത്തേക്കു പോകുന്ന സ്ഥിതി മാറും’

രാജ്യത്തിനു പുറത്തും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുമുള്ള വിദ്യാർഥികൾ ഉന്നത പഠനത്തിനായി കേരളത്തിലേക്ക് എത്തുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് ഉയർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽപ്പെടുത്തി കേരള സർവകലാശാലയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും തിയേറ്റർ ഹാളുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ കേരളം മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും മുന്നിലാണ്. സ്‌കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിന് ആനുപാതികമായ നേട്ടം ഉന്നതവിദ്യാഭ്യാസ മേഖലയിലും കൈവരിക്കണം. സംസ്ഥാനത്തെ എൻറോൾമെന്റ് റേഷ്യോ 38 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരി 27 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ മെച്ചമാണു കേരളമെങ്കിലും നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനാനുപാതം താരതമ്യേന ചെറുതാണ്. എൻറോൾമെന്റ് റേഷ്യോ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഇടപെടൽ നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

കേരള സർവകലാശാല രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റോടെ നാക് അക്രഡിറ്റേഷനിൽ എ++ നേടിയത് അഭിമാനാർഹമാണ്. സംസ്‌കൃത സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും എ+ ഗ്രേഡിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ ഒന്നാംനിര സർവകലാശാലകളിൽ കേരളത്തിൽനിന്നുള്ള നാലെണ്ണം സ്ഥാനംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ മാറ്റമാണ്. എന്നാൽ ഈ മാറ്റങ്ങളിലും നേട്ടങ്ങളിലും സന്തോഷിച്ച് വിശ്രമിക്കുകയല്ല സർക്കാരിന്റെ നയം. കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്താനുള്ള ഇടപെടലുണ്ടാകണം. അടിസ്ഥാന സൗകര്യം, സിലബസ്, ബോധനസമ്പ്രദായം, അധ്യാപനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര ഇടപെടലാണ് നടത്തുന്നത്.

വിദേശ സന്ദർശനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ ധാരാളം മലയാളി വിദ്യാർഥികളെ അവിടെ കാണാൻ കഴിഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ വിദ്യാർഥികളാണ് ഇപ്പോൾ അവിടെയുള്ളത്. ആവശ്യമായ കോഴ്സുകൾ ഇവിടെ ലഭ്യമാകുന്നില്ലെന്നതുകൂടിയാണ് ഇതിനു കാരണം. ഈ സ്ഥിതി മാറണം. കൂടുതൽ കോഴ്സുകൾ ഇവിടേയ്ക്കു കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് വലിയ തോതിൽ ഉയരണം. നവകേരള നിർമിതിയിൽ മാനവികതയിലൂന്നിയതും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകണം.

കേരള സർവകലാശാലയുടെ വികസനം ലക്ഷ്യമാക്കി 150 കോടി രൂപയുടെ പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണു കേരള സർവകലാശാല. ഈ മികവിൽ മാത്രം നിന്നാൽ പോര. ഇനിയും ഉയരേണ്ടതുണ്ട്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്ലോക്ക്, സെൻട്രൽ ലൈബ്രറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ, ഹോസ്റ്റലുകൾ, ഓപ്പൺ ക്ലാസ് മുറികൾ, ആംഫി തിയേറ്റർ എന്നിവയുടെ നിർമാണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ക്ലിഫ് എന്ന സെൻട്രൽ ലബോറട്ടറിയെ അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 48 കോടിയുടെ പദ്ധതിയാണു സർക്കാരിന്റെ പരിഗണനയിലുള്ളത്. മൾട്ടി മീഡിയ തിയറ്റർ ക്ലാസ് മുറികൾ അന്താരാഷ്ട്ര അക്കാദമിക പ്രതിഭകളുമായി സംവദിക്കുന്നതിനടക്കം പ്രയോജനപ്പെടും. അടിസ്ഥാന സൗകര്യത്തിലും അക്കാദമിക് മികവിലും കേരള സർവകലാശാല ഒരു പടികൂടി മുന്നേറുകയാണ്. ഉത്പാദന മേഖലകളുടെ വളർച്ചയിലൂടെ വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളം സൃഷ്ടിക്കാനാണു നാം ഉദ്ദേശിക്കുന്നത്. ഇതിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു വലിയ മാറ്റമുണ്ടാകുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന ദൃഢനിശ്ചയത്തോടെയാണു സർക്കാർ ഇടപെടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അതിന്റെ പ്രതിഫലനങ്ങൾ കണ്ടുവരുന്നുണ്ട്. ഈ മേഖലയെ വിവാദകലുഷിതമാക്കാൻ നിക്ഷിപ്ത താത്പര്യമുള്ള കേന്ദ്രങ്ങൾ ഇടപെടുന്നത് തിരിച്ചറിയുന്നുണ്ട്. ലക്ഷ്യത്തിലെത്തുകയെന്നതാണ് പ്രധാന കാര്യമെന്നതിനാൽ ലക്ഷ്യത്തിലെത്തുന്നതുവരെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ബയോകെമിസ്ട്രി ലാബിന്റെ തറക്കല്ലിടലും കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഉയർന്ന നാക്, എൻ.ഐ.ആർ.എഫ്, എസ്.എ.എ.സി. റാങ്കിങ്ങും ലഭിച്ച കോളജുകൾക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം വിപുലപ്പെടത്തുന്നതിൽ വരും വർഷങ്ങളിലും കൂടുതൽ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കംപ്യൂട്ടർ സയൻസ് എക്സ്റ്റൻഷൻ ബിൽഡിങ്, മാർക്സിയൻ പഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ബയോഡൈവേഴ്സിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും നിർവഹിച്ചു.

56 കോടി രുപയുടെ നിർമാണ പ്രവർത്തനങ്ങളാണു കിഫ്ബിയിൽപ്പെടുത്തി സർവകലാശാലയിൽ നടപ്പാക്കുന്നത്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബ്ലോക്ക്, ഹോസ്റ്റൽ, ആംഫി തിയേറ്റർ, ഓപ്പൺ ക്ലാസ് റൂമുകൾ, ക്ലിഫ് ബിൽഡിങ് എക്സ്റ്റൻഷൻ എന്നീ നിർമാണ പ്രവൃത്തികളാണ് ഇതു പ്രകാരം ആരംഭിക്കുന്നത്. കാര്യവട്ടം ക്യാംപസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ.എച്ച്. ബാബുജാൻ, രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave Comment