മികച്ച ജാഗ്രതാ സമിതികൾക്ക് വനിതാ കമ്മീഷൻ പുരസ്‌ക്കാരം നൽകും

തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മികച്ച ജാഗ്രതാ സമിതികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ പുരസ്‌ക്കാരം നൽകുമെന്ന് ചെയർപേഴ്‌സൻ അഡ്വ. പി സതീദേവി പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക. സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള അപേക്ഷ ഒക്ടോബർ അവസാനത്തോടെ സ്വീകരിച്ച് തുടങ്ങും. മികച്ച സമിതികൾക്ക് 25000 രൂപയുടെ ക്യാഷ് അവാർഡാണ് നൽകുക.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രാദേശിക തലത്തിൽ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. ഭാര്യ, ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങളാണ് വനിത കമ്മീഷന് മുമ്പിലെത്തുന്ന മിക്ക പരാതികളുടെയും അടിസ്ഥാനം. ഇത് പരിഹരിക്കാൻ എല്ലാ പഞ്ചായത്തുകളിലും സ്ഥിരമായി ഫാമിലി കൗൺസിലറുടെ സേവനം ലഭ്യമാക്കണമെന്നും പി സതീദേവി പറഞ്ഞു.ആകെ 43 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ പത്ത് എണ്ണം തീർപ്പാക്കി. അഞ്ച് എണ്ണം കൂടുതൽ വിവരങ്ങൾക്കായി പൊലീസിന് കൈമാറി. 28 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.

Leave Comment