മനം നിറച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം

വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന് തുടക്കമായി. വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിനായി ബസ് അനുവദിക്കുമെന്ന് വി. ശശി എം. എൽ. എ പറഞ്ഞു. പഞ്ചായത്തിലെ 54 കുട്ടികൾ വിവിധ കലാ -കായിക മത്സരങ്ങളിൽ മാറ്റുരച്ചു. ഭിന്നശേഷി കുട്ടികളുടെ സംഗമ വേദി കൂടിയായി കലോത്സവം മാറി. ഫാൻസി ഡ്രസ്സ്‌, നൃത്ത- സംഗീത മത്സരങ്ങൾ എന്നിവ കാണികളുടെ കയ്യടി നേടി.

മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ പഞ്ചായത്ത് ഒരുക്കിയിരുന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. മുരളിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.

Leave Comment