അതിദുര്‍ബലര്‍ അതിവേഗം അഭിവൃദ്ധിയിലേക്ക്; ലക്ഷ്യത്തിനായി ഹോം പദ്ധതി

കാസര്‍കോട്: അതിദുര്‍ബലരെ അതിവേഗം അഭിവൃദ്ധിയിലെത്തിക്കാന്‍ ഹോം പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി ജനവിഭാഗങ്ങളില്‍ സാമൂഹ്യപരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായുള്ള ഹോം പദ്ധതി കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിക്കുന്നത്. ഓരോരുത്തരുടെയും നിലവിലെ ജീവിത അവസ്ഥ വിശകലനം ചെയ്തു അവര്‍ക്കാവശ്യമായ ക്ഷേമ വികസന പദ്ധതികള്‍ ഹോമിലൂടെ ആസൂത്രണം ചെയ്യും. നിലവില്‍ 5 പേരാണ് അതിദ്രരിദ്രരായി ജില്ലയില്‍ കണ്ടെത്തിട്ടുള്ളത്. സമഗ്രവികസനത്തിനും ശാക്തീകരണത്തിനും വേണ്ടി കുടുംബാധിഷ്ഠിത സൂക്ഷ്മതല ആസൂത്രണം നടത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദുര്‍ബല വിഭാഗത്തിലെ ഓരോ കുടുംബങ്ങളുടെയും നിലവിലെ അവസ്ഥ സൂക്ഷ്മതല വിവരശേഖരണത്തിലൂടെ മനസിലാക്കും. ഏത് മേഖലയില്‍ ആവശ്യമായ പിന്തുണ നല്‍കിയാല്‍ ഓരോ കുടുംബത്തിന്റെയും പിന്നാക്കാവസ്ഥക്ക് ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടെത്തി അതിനാവശ്യമായ സഹായവും പിന്തുണയും നല്‍കും. മൂന്നുതലങ്ങളിലായാണ് സൂക്ഷ്മതല സര്‍വേയും ആസൂത്രണവും നടത്തുന്നത്.സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളുടെ സര്‍വ്വേ ആദ്യ ഘട്ടത്തിലും, തുടര്‍ന്ന് ദുര്‍ബല വിഭാഗങ്ങളുടെയും, പിന്നീട് മറ്റുള്ളവരുടെയും സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കും. എല്ലാ പട്ടികവിഭാഗങ്ങള്‍ക്കും ഭവനം, ഭൂമി, തൊഴില്‍ പരിശീലനം, കൃഷിഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നിവ പദ്ധതിയിലൂടെ ഉറപ്പ് വരുത്തും. ദുര്‍ബല ജനവിഭാഗത്തിന് അതിദാരിദ്ര്യത്തില്‍ നിന്നും നിലവില്‍ അനുഭവിക്കുന്ന സമ്പൂര്‍ണ്ണ പിന്നാക്ക അവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായും മോചനം നേടി സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കും.ദുര്‍ബല വിഭാഗത്തിലെ ഓരോ കുടുംബങ്ങള്‍ക്കും കൈ താങ്ങാവാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല ഒരു പദ്ധതിയാണ് ഹോം. ജില്ലയില്‍ നിലവില്‍ 5 പേരെയാണ് അതിദ്രരിദ്രരായി കണ്ടെത്തിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ഭംഗിയായി തീര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാ റാണി പറഞ്ഞു.

Leave Comment