നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിപണിവില കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നിട്ടും യാതൊരു ഇടപെടലുകളും നടപടികളുമില്ലാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷകരുല്പാദിപ്പിക്കുന്ന കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലയില്ല. അതേസമയം ആഭ്യന്തരവിപണിയില്‍ നിന്ന് ലഭിക്കുന്ന ജീവനോപാധികള്‍ക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. ഇടനിലക്കാരുടെയും വ്യാപാരികളുടെയും ജനങ്ങളോടുള്ള ചൂഷണത്തിന് സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഒത്താശചെയ്യുകയാണ്. നാലുമാസംകൊണ്ട് വില ഇരട്ടിയായിട്ടും യാതൊരു നടപടികളുമില്ലാത്ത ഭരണനിഷ്‌ക്രിയത്വം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. യുക്രൈന്‍ യുദ്ധമാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുന്നത് വിലപ്പോവില്ല. അയല്‍ സംസ്ഥാനങ്ങളില്‍ ഈ വിലക്കയറ്റം ഇല്ലെന്നുള്ളത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. ആഭ്യന്തര കാര്‍ഷികമേഖലയെ സംരക്ഷിക്കുവാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയം ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

ഇടനിലക്കാരുടെ ചൂഷണത്തിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും കൂട്ടുനില്‍ക്കുന്നത് ദ്രോഹമാണ്. സാധാരണ കര്‍ഷകരില്‍ നിന്ന് വന്‍കിട കോര്‍പ്പറേറ്റുകളിലേയ്ക്ക് അരിയും പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിപണി മാറുമ്പോള്‍ വിലക്കയറ്റത്തോടൊപ്പം സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും വ്യാപകമാകും. ഭരണത്തിലിരുന്ന് പരസ്പരം നടത്തുന്ന പോര്‍വിളികളും ആക്ഷേപ അവഹേളനങ്ങളും രാഷ്ട്രീയ വിഴുപ്പലക്കലുകളും അവസാനിപ്പിച്ച് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഭരണസംവിധാനങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നും ഭക്ഷണാവശ്യങ്ങള്‍ക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടികളെടുക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റിയന്‍
സെക്രട്ടറി ജനറല്‍. ഇന്‍ഫാം
+91 70126 41488

Author