പെന്‍ഷന്‍ പ്രായം അറുപതാക്കിയത് യുവാക്കളോടുള്ള വഞ്ചന – പ്രതിപക്ഷ നേതാവ്

Spread the love

പെന്‍ഷന്‍ പ്രായം അറുപതാക്കിയത് യുവാക്കളോടുള്ള വഞ്ചന; പാര്‍ട്ടി അണികള്‍ അഴിഞ്ഞാടുമ്പോള്‍ ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് ലജ്ജയില്ലേ?

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്‍കിയ ബൈറ്റ് (01/11/2022)

കൊച്ചി :  സര്‍ക്കാര്‍ സര്‍വീസിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോള്‍, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണ്. പെന്‍ഷന്‍ പ്രായം വര്‍ധനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളത്? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. ചെറുപ്പക്കാരുടെ ഭാവയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും.

സി.പി.എം അവരുടെ യുവജന വിദ്യാര്‍ഥി സംഘടനകളിലെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തൃശൂരിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഒരു പ്രിന്‍സിപ്പലിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്റെയും മുന്നില്‍ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കുന്നത്? കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവ് വിമുക്തഭടന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. എറണാകുളത്ത് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്യൊടിച്ചു. ഇപ്പോഴൊരാള്‍ മുട്ട്കാല് തല്ലിയൊടിക്കാന്‍ നടക്കുകയാണ്. ഇവരൊക്കെ എല്ല് സ്‌പെഷലിസ്റ്റുകളാണോ? അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ പാര്‍ട്ടി അണികള്‍ കുതിര കയറുമ്പോള്‍ നടപടി എടുക്കാതെ ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് ലജ്ജയില്ലേ?

വിലക്കയറ്റം സംബന്ധിച്ചും മുഖ്യമന്ത്രി മൗനത്തിലാണ്. അരി വില വര്‍ധിച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അരി വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ല. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ജനങ്ങള്‍ ജീവിക്കാനാകാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് കോണ്‍ഗ്രസും യു.ഡി.എഫും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

 

Author