പുതിയ കുതിപ്പിന് തയ്യാറെടുത്ത് ഇൻകെൽ

സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലുള്ള (പി.പി.പി) കമ്പനിയായ ഇൻകെൽ പുതിയ കുതിപ്പിന്റെ പാതയിൽ. ഇതുവരെ പ്രോജക്ട് മാനേജ്‌മെൻറ് കൺസൾട്ടന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനി ഇനി ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടന്റ് മേഖലയിലേക്ക് കൂടി പ്രവേശിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഇൻകെലിന്റെ പുതിയ ലോഗോ, നവീകരിച്ച വെബ്‌സൈറ്റ്, പുതിയ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഡാഷ് ബോർഡ് എന്നിവ നിലവിൽ വന്നു. ഇവ മൂന്നിന്റേയും ഉദ്ഘാടനം സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് വ്യാഴാഴ്ച നിർവഹിച്ചു.
ഇടക്കാലത്ത് പ്രതിസന്ധികൾ നേരിട്ട ഇൻകെൽ ഇപ്പോൾ പുതിയ കുതിപ്പിന് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. പാരമ്പര്യേതര ഊർജ്ജ മേഖലയിലാണ് ഇൻകെലിന്റ് പുതിയ പ്രവേശം.
സൗരോർജ്ജം, കാറ്റാടി മില്ലുകൾ നിന്നുള്ള ഊർജോപയോഗം എന്നിവയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ പ്രധാന കമ്പനി ആവുകയാണ് ഉദ്ദേശ്യം. രണ്ടാമതായി, ദേശീയപാത കടന്നുപോകുന്ന ഇടങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഇൻകെലിനെന്ന് മന്ത്രി പറഞ്ഞു.
ലോജിസ്റ്റിക് പാർക്കുകളും ഇന്റഗ്രേറ്റഡ് മൾട്ടി ആക്ടിവിറ്റി വ്യവസായ പാർക്കുകളും സ്ഥാപിക്കും. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയമനുസരിച്ചാണിത്.
വിദേശ മലയാളികളുടെ നിക്ഷേപം ആകർഷിക്കാൻ അവരുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ തുടങ്ങുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. വ്യവസായരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഇൻകെലിന് സുപ്രധാന റോളാണ് വഹിക്കാനുള്ളതെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.
പാരമ്പര്യേതര ഊർജ്ജ മേഖലയിൽ മൂന്ന് വലിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ആണ് ഇൻകെൽ പദ്ധതിയിടുന്നത്.
പാലക്കാട് 14 മെഗാവാട്ട് കാറ്റാടി ഊർജ്ജ പദ്ധതിയും 21 സൈറ്റുകളിൽ ആയി 11 വാർഡ് സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് കെ.എസ്.ഇ.ബിയിൽ നിന്ന് രണ്ട് കരാറുകൾ ഇൻകൽ നേടിക്കഴിഞ്ഞു.ഇതിന് പുറമെ, മറ്റൊരു 18 മെഗാവാട്ട് സോളാർ പദ്ധതി കൂടി വിഭാവനം ചെയ്തിട്ടുണ്ട് ഇതിനുപുറമേ കർണാടക സർക്കാരിന്റ് പഞ്ചായത്ത് രാജ്, ഗ്രാമവികസന വകുപ്പിന്റെ അംഗീകൃത ഏജൻസി എന്ന നിലയിൽ കർണാടകയിലെ എട്ട് വടക്കൻ ജില്ലകളിൽ സോളാർ ഹൈബ്രിഡ് പദ്ധതി നടപ്പാക്കുന്നതും ഇൻകെൽ ആണ്.
ചടങ്ങിൽ ഇൻകെൽ എം.ഡി ഡോ. കെ ഇളങ്കോവൻ, ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഇൻകെൽ ഡയറക്ടർമാരായ സി. വി റപ്പായി, മുഹമ്മദ് അൽത്താഫ്, ജയകൃഷ്ണൻ കൃഷ്ണ മേനോൻ, അഡ്വ. ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു.

Leave Comment