സുമാ ട്രാവൽസിന്റെ സ്ഥാപകൻ സെബാസ്റ്റ്യന്‍ പാറപ്പുറത്ത് (77) അന്തരിച്ചു; പൊതുദർശനം നവം.19

Spread the love

ന്യു യോർക്ക്: പ്രവാസ ജീവിതത്തിൽ വലിയ സംഭാവനകളർപ്പിച്ച സുമാ ട്രാവൽസിന്റെ സ്ഥാപകൻ സെബാസ്റ്റ്യന്‍ പാറപ്പുറത്ത്, 77, ന്യു യോർക്കിൽ അന്തരിച്ചു. നാല് പതിറ്റാണ്ടോളം വിമാന യാത്രക്ക് വിശ്വസിക്കാവുന്ന പങ്കാളി ആയിരുന്നു സുമാ ട്രാവൽസ്. ബിസിനസിനേക്കാൾ സേവനമെന്ന നിലയിലാണ് സുമ ട്രാവൽസിനെ സെബാസ്റ്റ്യനും ജനങ്ങളും കണ്ടതും. ന്യൂയോര്‍ക്ക് ക്വീന്‍സില്‍ എഴുപതുകളില്‍ ആരംഭിച്ച ഹൗസ് ഓഫ് സ്‌പൈസസ് പോലെ കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് സുമ ട്രാവല്‍സ്

എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ ലോ കോളജില്‍ നിന്നു നിയമ ബിരുദമെടുത്ത് പ്രാക്ടീസ് നടത്തി വരവെയാണ് അമേരിക്കയിലുള്ള കുട്ടനാട് പുന്നകുന്നം മണലയില്‍ റോസമ്മയുമായി വിവാഹം നടക്കുന്നത്. 1973-ല്‍. അടുത്തവര്‍ഷം അമേരിക്കിയിലെത്തി.

തുടക്കം ഒരു കടയില്‍ ജോലി. തുടര്‍ന്ന് എ.ടി & ടി യില്‍ ജോലിക്കു ചേർന്നു . 1979-ല്‍ സുമ ട്രാവല്‍സ് തുടങ്ങി. മൂത്ത പുത്രിയുടെ പേരിട്ടു. ട്രാവല്‍ രംഗത്തു മലയാളികള്‍ കുറവായതാണു ഈ രംഗം തെരെഞ്ഞെടുക്കാന്‍ കാരണം.

ജോലി ഉപേക്ഷിക്കാതെയായിരുന്നു ട്രാവല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം. രാത്രിയാണ് ജോലി. വെളുപ്പിന് വീട്ടിലെത്തിയാല്‍ അല്പനേരം ഉറക്കം. 9 മണിയോടെ ഉണര്‍ന്ന് ട്രാവല്‍ ഏജന്‍സി ഓഫീസിലേക്ക് പോകും. ഉറക്കമൊക്കെ കമ്മി.

വൈകാതെ തോമസ് കുര്യന്‍ കുറ്റിക്കണ്ടത്തില്‍ (കുട്ടപ്പായി) പാര്‍ട്ട്ണറായി വന്നു. റോക്ക്ലാന്‍ഡിലുള്ള മത്തായി ചാക്കോയും അല്‍പകാലം പാര്‍ട്ണറായിരുന്നു. ക്രമേണ ജോലിക്കാരുടെ എണ്ണം കൂടി. അടുത്ത രണ്ടു പതിറ്റാണ്ട് (1980-2000) ട്രാവല്‍ ഏജന്‍സിയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു.

2000-ല്‍ കുട്ടപ്പായി മരിച്ചതോടെ ഒരു ചിറകു മുറിഞ്ഞു. അടുത്ത വര്‍ഷം 9/11 ഉണ്ടായി. അതു യാത്രകളെ ബാധിച്ചു. വൈകാതെ ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈനിലേക്ക് ചേക്കേറി

എയര്‍ ഇന്ത്യ, കുവൈറ്റ് എയര്‍വേയ്സ്, ഡെല്‍റ്റ, പാനാം, ജറ്റ് എന്നിവയുടെയൊക്കെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റതിനുള്ള അവാര്‍ഡ് നിരവധി വര്‍ഷങ്ങളില്‍ സുമ ട്രാവല്‍സിനായിരുന്നു. പക്ഷെ കസ്റ്റമറുടെ സംത്രുപ്തിയും അവര്‍ നല്‍കുന്ന അംഗീകാരവുമാണു ഏറ്റവും വലിയ അവാര്‍ഡായി താന്‍ കരുതിയയതെന്നു സെബാസ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇടക്കാലത്ത് കൊച്ചിയില്‍ നാലു വര്‍ഷത്തോളം ട്രാവല്‍ ഓഫീസ് നടത്തി. പക്ഷെ റിമോട്ട് കണ്ട്രോളില്‍ ഓഫീസ് നടത്തുക വിഷമമാണെന്നു കണ്ടപ്പോള്‍ അതു നിര്‍ത്തി.

പത്രപ്രവര്‍ത്തന രംഗത്തും ഒരു കൈ വച്ചു. നാലു വര്‍ഷത്തോളം അമേരിക്കന്‍ മലയാളി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ പിന്നീടത് നിര്‍ത്തി.

കേരളത്തില്‍ ഇടയ്ക്ക് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാറുണ്ട്. വക്കിലാകുമ്പോള്‍ വേറെ ജോലി പാടില്ല. അതിനാല്‍ സുമാ ട്രാവല്‍സില്‍ ഓണററി ചെയര്‍ സ്ഥാനം മാത്രമാണു കുറെ കാലമായി വഹിച്ചിരുന്നത്

ഭാര്യ റോസമ്മ ആര്‍.എന്‍ ആയി റിട്ടയര്‍ ചെയ്തിട്ട് ഏതാനും വര്‍ഷമായി. സ്റ്റെം അധ്യാപികയായും റോബോട്ടിക് കോച്ചും അഡ്ജംക്ട് പ്രൊഫസറുമായ സുമന്‍, ഡോ. സുജ (മെട്രോപോളിറ്റന്‍ ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ ചീഫ്) എന്നിവരാണ് മക്കള്‍. ബ്ലിറ്റ്സ് കാര്‍ത്തി ആണ് ഡോ. സുജയുടെ ഭര്‍ത്താവ്. അഞ്ച് കൊച്ചുമക്കള്‍.

ഇന്ത്യന്‍ ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍, കാത്തലിക് അസോസിയേഷന്‍ എന്നിവയിലൊക്കെ ഭാരവാഹി ആയിരുന്നു.

ദുരനുഭവങ്ങൾ ഇത്രയും നർമത്തോടെ കണ്ടിട്ടുള്ള ഒരാൾ ഉണ്ടാവില്ല. അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നില്ല . അതിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്. ‘വേറെ ഒരുവിധപ്പെട്ട രോഗമെല്ലാം ശരീരത്തിലുണ്ട്. കോവിഡ് കൂടി വരാൻ ഇടം വേണ്ടേ? അങ്ങനെ രക്ഷപ്പെട്ടു.’

സുമ ട്രാവൽസിന്റെ സ്ഥാപകനും ചെയർമാനുമായ അന്തരിച്ച സെബാസ്റ്റ്യൻ പാറപ്പുറത്തിന്റെ (ജോയ് -77) പൊതുദർശനം നവംബർ 19 ശനിയാഴ്ചയും സംസ്കാരം നവംബർ 26 ശനിയാഴ്ച കേരളത്തിലും നടത്തും.

ഭാര്യ: റോസമ്മ സെബാസ്റ്റ്യൻ
മക്കൾ: സുമൻ, സുജ സെബാസ്റ്റ്യൻ
മരുമകൻ: ബ്ലിറ്റ്‌സ് കാർത്തെ
കൊച്ചുമക്കൾ: അന്ന, സിയ, ജോസിയ, റിച്ചാർഡ്, മത്തിയാസ്

നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധ കുർബാനയും ഓപ്പീസും: സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ പള്ളി, 18 ട്രിനിറ്റി സ്ട്രീറ്റ്, 10701 യോങ്കേഴ്‌സ്, NY

പൊതുദർശനം നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 8 വര.: സിനത്ര മെമ്മോറിയൽ ഹോം, 499 യോങ്കേഴ്സ് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് 10704

സംസ്കാരം നവംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന്: സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ആമ്പല്ലൂർ, കേരളം

Report : Joychen Puthukulam