കെ.സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോകില്ല : കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു

Spread the love

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിക്കുകയും, ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ആവേശം രാജ്യമെമ്പാടും അലയടിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കെ.പി.സി.സി. പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനുള്ള സി.പി.എം. ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു.

സി.പി.എം. നടത്തിയ കൊലപാതക ശ്രമങ്ങളെപ്പോലും അതിജീവിച്ച പോരാട്ടചരിത്രമുള്ള കെ. സുധാകരനെതിരെ ഓരിയിടാന്‍ മാത്രമേ സി.പി.എമ്മിന് കഴിയുകയുള്ളൂ. ജീവന്‍ കൊടുത്തുപോലും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ലക്ഷോപലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഉണ്ടാകും. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശ്വവുമാണ് കെ.സുധാകരന്‍.

തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ പ്രോജ്ജ്വലമായ യുഡിഎഫ് വിജയവും പിണറായി സര്‍ക്കാറിന്റെ പരാജയവുമാണ് സി.പി.എമ്മിനെ ഇപ്പോള്‍ വിറളിപിടിപ്പിച്ചത്. സമീപകാലത്ത് നടന്ന നിയമാസഭ ഉപതെരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ്. കരസ്ഥമാക്കിയിരുന്നു.സിപിഎം,സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ശക്തനായ നേതാവാണ് കെ.സുധാകരന്‍.

സ്വതന്ത്രാനന്തര കാലത്ത് രാജ്യം വിഭജനവും യുദ്ധവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ഒരു ക്രാന്തദര്‍ശിയെപ്പോലെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരു ദേശീയ സര്‍ക്കാര്‍ രൂപീരിച്ചതിനെ സി.പി.എം. വളച്ചൊടിക്കുയാണ്.ഇന്ത്യയെ ഒന്നായി ഉള്‍ക്കൊള്ളുക എന്ന നെഹ്‌റുവീയന്‍ നയത്തിന്റെ പ്രതിഫലനമായാണ് ചരിത്രം അതിനെ വിലയിരുത്തുന്നതെന്ന യാഥാര്‍ത്ഥ്യം സി.പി.എം. തിരിച്ചറിയണം.

വൈസ് ചാന്‍സിലര്‍ നിയമനം, പോലീസ് അതിക്രമം, വിലക്കയറ്റം തുടങ്ങി തൊട്ടതെല്ലാം പിഴച്ചുപോയ പിണറായി സര്‍ക്കാറിനെതിരെ ഉയരുന്നു ജനരോഷത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം. ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത്. പിണറായി സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നുണ്ട്.
ഈ സര്‍ക്കാറിനെതിരെയുള്ള പ്രക്ഷേഭ പരിപാടികളുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്തില്‍ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും ജിഎസ് ബാബു പറഞ്ഞു.

 

Author