കയര്‍ത്തൊഴിലാളികളും കയര്‍സഹകരണസംഘങ്ങളുമുള്‍പ്പെടുന്ന കയര്‍മേഖല നേരിടുന്ന പ്രതിസന്ധി രമേശ് ചെന്നിത്തല നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു

Spread the love

സംസ്ഥാനത്തെ ഏതാണ്ട് 600 കയര്‍ സംഘങ്ങളും 50 ചെറുകിട ഫാക്ടറികളുമുള്‍പ്പെടെയുള്ള കയര്‍മേഖല വന്‍ പ്രതിസന്ധി നേരിടുകയാണ്. എന്റെ നിയോജകമണ്ഡലമടക്കം കാര്‍ത്തികപ്പള്ളി താലൂക്ക്, കരുനാഗപ്പള്ളി, വൈക്കം, ചിറയിന്‍കീഴ് തുടങ്ങി കേരളത്തിന്റെ മറ്റ് പല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന കയര്‍ സംഘങ്ങള്‍ അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വിപണിയിലുണ്ടായ മാന്ദ്യവും, ഓര്‍ഡറുകളുടെ കുറവും , പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്നത് സ്ത്രീ ത്തൊഴിലാളികളാണ്. ഇവരുള്‍പ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഇന്ന് ഈ പ്രതിസന്ധി നേരിടുകയാണ്.

സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന കയറും കയര്‍ ഉല്പന്നങ്ങളും കയര്‍ഫെഡും കയര്‍ കോര്‍പ്പറേഷനും സംഭരിക്കാന്‍ തയ്യാറാകാത്തതാണ് പ്രധാനപ്രശ്‌നം. ഇതിന്റെ ഫലമായി കയറും കയര്‍ ഉല്പന്നങ്ങളും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. കയര്‍ കോര്‍പ്പറേഷനിലും കയര്‍ സഹകരണ സംഘങ്ങളിലും ഏതാണ്ട് 70 കോടിരൂപയിലധികം കയര്‍ ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. സംഘങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വിലപോലും ലഭിക്കുന്നില്ല.

2014ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചുതന്ന വിലയില്‍നിന്നും കുറഞ്ഞ വിലയ്ക്കാണ് സംഘങ്ങളില്‍നിന്നും കയര്‍ഫെഡ് ഇപ്പോള്‍ കയര്‍ വാങ്ങുന്നത്. 4.8.2022 മുതല്‍ വൈക്കം കയറിന് 15 ശതമാനവും ഓട്ടോമാറ്റിക് മെഷീനില്‍ ഉല്പാദിപ്പിക്കുന്ന കയറിന് 25 ശതമാനവും വില കുറച്ചാണ് കയര്‍ ഫെഡ് സംഘങ്ങളില്‍നിന്നും വാങ്ങുന്നത്. ഇത് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്. ഒരു കാരണവശാലും മുന്നോട്ടുപോകാന്‍ കഴിയാത്ത പ്രതിസന്ധി സംഘങ്ങള്‍ നേരിടുകയാണ്. ഉപദേശക സമിതിയുടെ ശിപാര്‍ശപ്രകാരമാണ് കയര്‍ വില കുറയ്ക്കാന്‍ കയര്‍ഫെഡ് തീരുമാനിച്ചതെന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ നാളിതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. സര്‍ക്കാര്‍ അംഗീകരിക്കാത്ത കാര്യം എങ്ങനെയാണ് കയര്‍ ഫെഡ് നടപ്പാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മാത്രമല്ല, ഉപദേശക സമിതിയില്‍ കയര്‍ ഉല്പാദകരംഗത്തെ പരിചയ സമ്പന്നരായ കയര്‍സംഘങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുമില്ല.

വാങ്ങുന്ന വിലയെക്കാള്‍ വില്‍പ്പന വിലയില്‍ കുറവുവരുന്ന തുക price fluctuation ഫണ്ടില്‍നിന്നും നല്‍കി വില്‍പ്പന വിലയിലുണ്ടാകുന്ന നഷ്ടം നികത്തുന്ന രീതിയാണ് മുമ്പ് അനുവര്‍ത്തിച്ചുവന്നിരുന്നത്. ഇപ്പോള്‍ അതില്ലാത്തതും പ്രതിസന്ധിക്ക് കാരണമാണ്.

പുറംമാര്‍ക്കറ്റില്‍നിന്ന് ചകിരി വാങ്ങി കയര്‍ ഉല്പാദിപ്പിച്ചാണ് കയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രസ്തുത കയര്‍, കയര്‍ഫെഡ് വാങ്ങാത്തതിനാല്‍ കയര്‍ സംഘങ്ങളുടെ ഗോഡൗണുകളില്‍ ഈ കയറുകള്‍ കെട്ടിക്കിടക്കുകയാണ്. കയര്‍ത്തൊഴിലാളികള്‍ക്ക് കൂലിയോ ചകിരിവിലയോ നല്‍കാന്‍ കഴിയാത്ത അവസ്ഥ സഹകരണ സംഘങ്ങള്‍ നേരിടുകയാണ്. പുറംമാര്‍ക്കറ്റിനെക്കാള്‍ ഒരു കിലോ ചകിരിക്ക് 5.50 രൂപ വരെ വില കൂട്ടിയാണ് സ്വകാര്യ ചകിരിമില്ലുകാരില്‍നിന്ന് കയര്‍ഫെഡ് മുഖേന കയര്‍ സംഘങ്ങള്‍ക്കു നല്‍കുന്നത്. ഇങ്ങനെ ലഭ്യമാകുന്ന ചകിരിക്ക് ഗുണനിലവാരമില്ലെന്നുള്ള പരാതിയും ഉയര്‍ന്നുവരുന്നുണ്ട്.

കയര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള നാല് ഡീഫൈബറിംഗ് യൂണിറ്റുകള്‍ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. 2019ല്‍ നിശ്ചയിച്ച കൂലിവര്‍ദ്ധനവിന്റെ ഭാഗമായി ഒരു ക്വിന്റല്‍ കയര്‍ ഉല്പാദിപ്പിക്കുമ്പോള്‍ 750 രൂപ സംഘങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരുന്നതിനാല്‍ സംഘങ്ങളുടെ മൂലധനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കയറിന്റെ സംഭരണവിലയില്‍ ഒരു ക്വിന്റല്‍ കയറിന് 720 മുതല്‍ 1600 രൂപ വരെ കയര്‍ഫെഡ് കുറവ് വരുത്തിയെന്നതാണ് സംഘങ്ങളുടെ പരാതി. കാലാകാലങ്ങളില്‍ ഇവര്‍ക്ക് നല്‍കിവരുന്ന പല ആനുകൂല്യങ്ങളുo ഇപ്പോള്‍ നല്‍കുന്നില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രവര്‍ത്തനമൂലധനമാണ്. കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് നല്‍കിവന്നിരുന്ന പ്രവര്‍ത്തനമൂലധനം ഇപ്പോള്‍ നല്‍കുന്നില്ല. സെക്രട്ടറിമാരുടെ ശമ്പളത്തിന്റെ ഭാഗമായി നല്‍കിവരുന്ന മാനേജീരിയല്‍ ഗ്രാന്റ് രണ്ട് വര്‍ഷമായി നല്‍കുന്നില്ല.

കയറുല്പന്നങ്ങളുടെ കയറ്റുമതി മുന്‍വര്‍ഷത്തെക്കാള്‍ 17.6% വളര്‍ന്നെങ്കിലും ഇതിന്റെ പ്രയോജനം പാവപ്പെട്ട കയര്‍ത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. യു.ഡി.എഫ്. ഗവണ്‍മെന്റ് നടപ്പാക്കിയ ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന്റെ സഹായം സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല. യു.ഡി.എഫ്. ഭരണകാലഘട്ടങ്ങളില്‍ സംഘം തൊഴിലാളികളുടെ കൂലിയിനത്തില്‍ വര്‍ദ്ധിപ്പിച്ച തുക ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിലുള്‍പ്പെടുത്തി സംഘങ്ങളുടെ ബാദ്ധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ കാലാകാലങ്ങളില്‍ ആവശ്യമായ പ്രവര്‍ത്തനമൂലധനം നല്‍കിയിരുന്നു. സ്വകാര്യമേഖലയില്‍ കയര്‍ ഉത്പാദനം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിലെ കയര്‍ത്തൊഴിലാളികള്‍ ഇന്ന് കയര്‍ സംഘങ്ങളെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന്റെ മുമ്പില്‍വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.
1. കയര്‍ ഉത്പന്നങ്ങളുടെ ആഭ്യന്തര വിപണി ശക്തിപ്പെടുത്താനുള്ള ഒരു വലിയ പ്രോഗ്രാം ഗവണ്‍മെന്റ് ഏറ്റെടുത്ത് നടപ്പാക്കണം.
2. ആവശ്യക്കാരിലേയ്ക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രത്യേക വിപണന സംവിധാനമേര്‍പ്പെടുത്തണം.
3. നല്ല ചകിരിയും കയറും ഉത്പാദിപ്പിക്കാനുള്ള യന്ത്ര സാമഗ്രികള്‍ കയര്‍ സംഘങ്ങള്‍ക്ക് നല്‍കണം.
4. കയര്‍ സംഘങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആവശ്യമായ പ്രവര്‍ത്തനമൂലധനം നല്‍കണം.
5. കയറിന്റെ സംഭരണ വില പുനഃസ്ഥാപിക്കണം.
6. മാര്‍ക്കറ്റ് വിലയ്ക്ക് കയര്‍ഫെഡ് മുഖേനയോ നേരിട്ടോ ചകിരി വാങ്ങി ഉത്പാദനം നടത്തുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം.
7. കയര്‍ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ കയറും അടിയന്തരമായി കയര്‍ ഫെഡ് സംഭരിക്കാനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റ് നല്‍കണം.
8. വിറ്റുവരവിനത്തില്‍ കയര്‍ സംഘങ്ങള്‍ക്ക് കയര്‍ ഫെഡില്‍നിന്ന് ലഭിക്കാനുള്ള തുക നല്‍കാനുള്ള നടപടിയുണ്ടാകണം.
9. തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും സഹകരണസംഘങ്ങളെയും കയറ്റുമതിക്കാരെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം.

ഈ നിര്‍ദ്ദേശങ്ങളില്‍ ചെയ്യാന്‍ കഴിയുന്നവ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും,
കൃഷി വകുപ്പുമന്ത്രി, ആലപ്പുഴ ജില്ലയിലെ എം.എല്‍.എ.മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുന്നതാണെന്നും വ്യവസായവകുപ്പുമന്ത്രി പി.രാജീവ് മറുപടി നല്‍കി.

Author