ദേശീയ യുവജനോത്സവം 18 മത്സര ഇനങ്ങൾ വെട്ടിക്കുറച്ച് രണ്ടാക്കി; പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ കത്ത്

Spread the love

ദേശീയ യുവജനോത്സവത്തിൽ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്ത് അയച്ചു.

യുവജനക്ഷേമബോർഡിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെയുള്ള കേരളോത്സവങ്ങൾ വിജയകരമായി പൂർത്തിയാക്കി മത്സര വിജയികളെ ദേശീയതലത്തിലേക്ക് പങ്കെടുപ്പിക്കാൻ ഒരുങ്ങവെയാണ് കേന്ദ്ര സർക്കാർ ദേശീയ യുവജനോത്സവത്തിന്റെ മത്സര ഇനങ്ങൾ വെട്ടിക്കുറച്ചത്.

ഭരതനാട്യം, കുച്ചുപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കർണാടിക് മ്യൂസിക്, വീണ, ഫ്‌ളൂട്ട്, ഗിത്താർ, സിത്താർ, തബല, മൃദംഗം, ഹാർമോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം എന്നിങ്ങനെ 18 ഇനങ്ങളിലാണ് മുൻകാലങ്ങളിൽ ദേശീയ യുവജനോത്സവം സംഘടിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ച് രണ്ട് മത്സര ഇനങ്ങളാക്കി ചുരുക്കിയത്. ഫോക്ക് സോംഗ് ഗ്രൂപ്പ്, ഫോക്ക് ഡാൻസ് ഗ്രൂപ്പ് എന്നീ രണ്ട് മത്സര ഇനങ്ങൾ മാത്രമേ ഇക്കുറി ഉണ്ടാകു എന്നാണ് കേന്ദ്രം അറിയിച്ചത്.

വളരെ സജീവമായി കേരളോത്സവങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ ദേശീയതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് ഇനങ്ങൾ വെട്ടിക്കുറച്ചത് മത്സരാർത്ഥികളെ നിരാശരാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന എല്ലാ ഇനങ്ങളും പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Author