ജില്ലാ വികസന സമിതി യോഗംകൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം : മന്ത്രി

Spread the love

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ജില്ലയിലുള്ള സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം കൈയേറ്റങ്ങള്‍ നാടിന്റെ വികസനത്തെയാണ് തടസപ്പെടുത്തുന്നത്. ജില്ലയിലെ സ്ഥിതി പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് സൗജന്യമായി ജനങ്ങള്‍ നല്‍കിയ സ്ഥലങ്ങള്‍ പോലും കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും കൈയേറ്റക്കാര്‍ക്ക് ശക്തമായ നടപടിയിലൂടെ സന്ദേശം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനം ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് മികച്ച റോഡും കുടിവെള്ളവും ലഭിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ് കുഴിക്കുന്നത് എത്രയും വേഗം ഈ പ്രവൃത്തി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണം. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടത്തുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം ഉണ്ടാകാതെ പൂര്‍ത്തിയാക്കുകയും ചെയ്യണം. കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തണം. കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്നും പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന കിഫ്ബി പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പത്തനംതിട്ട വില്ലേജിലെ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കണം. മുട്ടുമണ്‍ – തടിയൂര്‍, മഞ്ഞനിക്കര – ഇലവുംതിട്ട, വള്ളംകുളം – നന്നൂര്‍ റോഡുകളുടെ നിര്‍മാണങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം. ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും വിലയിരുത്തുകയും സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുകയും ചെയ്യണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൈവഴി-നെടിയകാല റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണം. മാരാമണ്‍ കണ്‍വന്‍ഷന്‍ മണല്‍പ്പുറത്തേക്ക് എത്തുന്നതിന് തോട്ടപ്പുഴശേരി പഞ്ചായത്തിലെ പ്രദേശത്ത് തടസമായിട്ടുള്ള മണ്ണ് നീക്കണം. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ എംഎല്‍എമാരെ വകുപ്പുകള്‍ അറിയിക്കണം. അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ അലൈന്‍മെന്റ് സ്റ്റോണ്‍ സ്ഥാപിക്കുന്നത് വേഗം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കാട്ടാത്തി-കോട്ടാമ്പാറ ആദിവാസി കോളനി വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് വേഗത്തില്‍ തയാറാക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി വിഷ്ണു പറഞ്ഞു. എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.