ഹാലറ്റ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി യുവഡോക്ടര്‍

Spread the love

കോഴിക്കോട് : ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തി മലയാളി യുവ ഡോക്ടര്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഡോ. ഫസല്‍ റഹ്‌മാനാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി പ്രശസ്തമായ ഹാലെറ്റ് മെഡലിന് അര്‍ഹനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഓര്‍ത്തോപീഡിക് സ്പൈന്‍ സര്‍ജനായ ഡോ. ഫസല്‍. ഇതോടൊപ്പം ഇന്റര്‍കൊളീജിയറ്റ് പ്രൈസും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് അംഗത്വത്തിനായി (എംആര്‍സിഎസ്) ലോകമെമ്പാടുമുള്ള മെഡിക്കല്‍ പ്രൊഫനലുകള്‍ക്കു വേണ്ടി നടത്തുന്ന പരീക്ഷയിലാണ് ഡോ. ഫസല്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടി ഒന്നാമനായത്.

ഇന്ത്യയിലെ യുവഡോക്ടര്‍മാക്ക് രാജ്യാന്തര തലത്തില്‍ അക്കാദമിക് മികവ് തെളിയിക്കാന്‍ തന്റെ നേട്ടം ഒരു പ്രോത്സാഹനമാകുമെന്ന് ഡോ. ഫസല്‍ പറഞ്ഞു. ഇന്ത്യയിലെ പഠന, ഗവേഷണ നിലവാരവും അനുഭവ സമ്പത്തും വളരെ ഉയര്‍ന്നതും ലോകത്ത് സമാനതകളില്ലാത്തതുമാണ്. ഇത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ബെംഗളുരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളെജില്‍ നിന്ന് ഓര്‍ത്തോപീഡിക് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. ഫസല്‍ ഇപ്പോള്‍ ദല്‍ഹിയിലെ ഇന്ത്യന്‍ സ്പൈനല്‍ ഇഞ്ചുറി സെന്ററില്‍ നട്ടെല്ല് ശസ്ത്രക്രിയയില്‍ ഉപരിപഠനം നടത്തിവരികയാണ്. ശിശുരോഗ വിദഗ്ധനായ ഡോ. അബ്ദുറഹ്‌മാന്റേയും സ്ത്രീരോഗ വിദഗ്ധയായ ഡോ. മുംതാസ് റഹ്‌മാന്റേയും മകനാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ റാഷ പര്‍വീന്‍ ആണ് ഭാര്യ.

ഫോട്ടോ ക്യാപ്ഷന്‍ : റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തിയ ഡോ. ഫസല്‍ റഹ്‌മാന്‍ ഹാലെറ്റ് മെഡല്‍ ഏറ്റുവാങ്ങുന്നു.

Report : Divya Raj.K