അനുഭവിച്ച് അറിഞ്ഞ എൻറെ അനുഭവസാക്ഷ്യം : ​സണ്ണി മാളിയേക്കൽ

കഴിഞ്ഞ താങ്ക്സ് ഗിവിങ് വ്യാഴാഴ്ച രാവിലെ 9 മണി ആയപ്പോൾ പോളിന്റെ ഫോൺ വന്നു. വെളുപ്പിനെ ചേട്ടന് ഒരു ചെറിയ നെഞ്ചുവേദന പോലെ വന്നു, സണ്ണി വെയിൽ ഹോസ്പിറ്റലിൽ ഇപ്പോൾ ഐ.സി.യുവിലാണ് ,ഇടറിയ ശബ്ദത്തിൽ പറഞ്ഞു. എൻറെ അമ്മായി, നരിയൻപാറയിലുള്ള സാറാമ്മകൊച്ചമ്മയുടെ ബന്ധുവാണ് പോൾ മാത്യു.

പോളിന്റെ സഹോദരനാണ് പാസ്റ്റർ. ജേക്കബ് മാത്യു കൂവപ്പള്ളി (ജിജി ) അമേരിക്കയിൽ ഇപ്രാവശ്യം വിസിറ്റിങ്ങിന് എത്തിയിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. താങ്ക്സ് ഗിവിങ് ആയത് കാരണമായിരിക്കും ഹോസ്പിറ്റൽ പാർക്കിൻലോട്ടിൽ കുറച്ചു കാറുകളെ ഉണ്ടായിരുന്നുള്ളൂ. ചെറിയ ചാറ്റൽ മഴയും തണുപ്പും ഉണ്ട്. ഐ.സി.യുവിന്റെ വെയിറ്റിംഗ് റൂമിൽ പോളും അനിതയും, ഫാമിലിയും സുഹൃത്തുക്കളും, കൈകോർത്ത് പ്രാർത്ഥിക്കുകയായിരുന്നു. പെട്ടെന്നാണ് സ്പീക്കറിൽ കോഡ് ബ്ലൂ അനൗൺസ് ചെയ്യുന്നത്. അനിത വാവിട്ടു കരഞ്ഞു പോയി. പോളിന്റെ കോ ബ്രദർ മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന അലക്സ് കോഡ് ബ്ലൂ എന്താണ് എന്ന് എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു മനസ്സിലാക്കി. മെഡിക്കൽ സ്റ്റാഫ് തിടുക്കത്തിൽ വാതിൽ തള്ളി തുറന്ന് അകത്തേക്ക് പോകുന്നത് കാണാമായിരുന്നു .

അപ്പോഴേക്കും ഐ.സി.യുവിന്റെ വെയിറ്റിംഗ് റൂം നമ്മുടെ ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു തണുപ്പും മഴയും ഉള്ള താങ്ക്സ് ഗിവിങ് ലഞ്ചിന് മുൻപ് ഇത്രയധികം സുഹൃത്തുക്കൾ പ്രാർത്ഥിക്കുവാൻ മാത്രമായി അവിടെ എത്തിയത് കണ്ടിട്ട് ഞാൻ അതിശയിച്ചു .

എൻറെ ഫോണിന് ചാർജ് കുറഞ്ഞതിനാൽ ചാർജിങ് സ്റ്റേഷൻ അടുത്ത് ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട് ഞാൻ ആ മൂലയിൽ ഇരുന്നു. വെയിറ്റിംഗ് റൂമിലും ഹോൾവെയിലും ഹീറ്റിട്ടതിനാൽ ഞാൻ ജാക്കറ്റ് കയ്യിൽ പിടിച്ചിരുന്നു. റെസ്പിറ്റോ തെറാപ്പിസ്റ്റ് മിസ്റ്റർ.ക്ലിന്റൺ, ഇടയ്ക്ക് തിടുക്കത്തിൽ ഐ.സി.യുവിന്റെ പുറത്തു വന്ന് പോളും അനിതയുമായി സംസാരിക്കുന്നുണ്ടായിരുന്നു.

പിതൃതുല്യനായ സഹോദരൻ തൊട്ടടുത്ത മുറിയിൽ അടുത്ത നിമിഷങ്ങൾ എന്തെന്ന് അറിയാതെ താൻ എന്നും ആശ്രയിക്കുന്ന ലോകരക്ഷകനെ മുറുകെ പിടിച്ചിട്ടുണ്ട് ,എന്നുള്ള വിശ്വാസം പോളിന്റെ മുഖത്ത് ഉണ്ടായിരുന്നു.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞു. മെഡിക്കൽ സ്റ്റാഫ് വളരെ പതുക്കെയാണ് ഇപ്പോൾ നടക്കുന്നത്. ഐ.സി.യുവിന്റെ ഡോർ വളരെ ശാന്തമായി തുറക്കപ്പെടുന്നു. മൊത്തത്തിൽ വല്ലാത്ത ഒരു ശാന്തത.

ഞാൻ ഒറ്റയ്ക്കാണ് ആ മൂലയിൽ ഇരുന്നിരുന്നത്. “മൃദുലമായ എന്തോ എന്നെ തലോടി പുറത്തേക്ക് പോകുന്ന പോലെ തോന്നി”.

ഇതുവരെ ഓടി നടന്ന് , ഓടിവന്ന് കാര്യങ്ങൾ പറഞ്ഞ് മിസ്റ്റർ.ക്ലിന്റൺ ശാന്തമായി പോളിന്റെയും അനിതയുടെയും കയ്യിൽ പിടിച്ച് എന്തോ പറയുന്നു.. പെട്ടെന്ന് പോൾ മുട്ടിൽ നിന്ന് രണ്ട് കരങ്ങളും ഉയർത്തി പ്രാർത്ഥന തുടങ്ങി. അലക്സ് എൻറെ അടുത്തു വന്നിട്ട് ഒരു തേങ്ങലോടെ പറഞ്ഞു ജിജിചായൻ പോയി .

പിന്നീടങ്ങോട്ട് ഫ്യൂണറൽ ഹോം, പേപ്പർ വർക്ക്, ഇന്ത്യൻ കൗൺസിലേറ്റ്, ഇതുമായി ബന്ധപ്പെട്ട ചിലവുകൾ. എല്ലാം ദൈവത്തിൻറെ കയ്യൊപ്പ്ഓടെ നടന്നു. ദേഹി ദേഹം വെടിഞ്ഞ് സൃഷ്ടാവിനോട് ചേർന്നത് നേരിട്ട് അനുഭവിച്ച് അറിഞ്ഞ എൻറെ അനുഭവസാക്ഷ്യം.

Leave Comment