കെ.സി.സി.എന്‍.എ. പ്രതിഭകളെ ആദരിക്കുന്നു

Spread the love

കോട്ടയം: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) കേരളത്തില്‍ വിവിധ മേഖലകളില്‍ അനിതരസാധാരണമായ മികവു പുലര്‍ത്തിയ ക്‌നാനായ പ്രതിഭകളെ ആദരിക്കുന്നു. ജനുവരി 13-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. അവാര്‍ഡ്ദാന ചടങ്ങിന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷത വഹിക്കും.

കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍, ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു, മുന്‍ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ., മുന്‍ മന്ത്രി ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ., മുന്‍ കൈരളി ടി.വി. ഡയറക്ടര്‍ അഡ്വ. എ.എ. റഷീദ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണി സ്റ്റീഫന്‍ തുടങ്ങിയ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്‍ഡ്യയിലെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും പ്രമുഖ ഡോക്ടറായ കാരിത്താസ് ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ബോബന്‍ തോമസ് ചെമ്മലക്കുഴി, രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ക്യാപ്റ്റനും മികച്ച ക്രിക്കറ്റ് റിക്കോര്‍ഡുകള്‍ക്ക് ഉടമയുമായ സിജോമോന്‍ ജോസഫ് മേക്കാട്ടേല്‍, ഈ കഴിഞ്ഞ ദിവസം നടന്ന മിസ് കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിസ് ലിസ് ജയ്‌മോന്‍ വഞ്ചിപ്പുരയ്ക്കല്‍ എന്നീ പ്രതിഭകളെ ആദരിക്കുന്നു.

Picture2

താങ്കളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ അസാധാരണമായ വൈഭവത്തിലൂടെ പ്രതിഭകളായിത്തീര്‍ന്ന ഇവരെ ആദരിക്കേണ്ടത് സമൂഹത്തിനോടുള്ള ഉത്തരവാദിത്വമാണെന്നും വരുംതലമുറയ്ക്ക് തങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇത്തരത്തിലുള്ള അവാര്‍ഡ്ദാന ചടങ്ങുകള്‍ പ്രചോദനമാകുന്നതിനാണ് ലോകത്തിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ കെ.സി.സി.എന്‍.എ. ഈ അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

ക്രിസ്മസ്- പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് നാട്ടിലെത്തിയിരിക്കുന്ന മുഴുവന്‍ കെ.സി.സി.എന്‍.എ. അംഗങ്ങളെയും ഈ ചടങ്ങിലേക്ക് വളരെ സ്‌നേഹത്തോടെ ക്ഷണിക്കുന്നതായും കഴിയുന്ന എല്ലാവരും ഈ ചടങ്ങില്‍ സംബന്ധിക്കണമെന്നും കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.

കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ മികവുറ്റ പ്രതിഭകളെ ആദരിക്കുന്നതില്‍ വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഈ അവാര്‍ഡിന് അര്‍ഹരായ പ്രതിഭകളെ വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളുടെ പേരില്‍ ആദരിക്കുന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് കെ.സി.സി.എന്‍.എ. ഭാരവാഹികളായ ജോണിച്ചന്‍ കുസുമാലയം, ജിറ്റി പുതുക്കേരില്‍, ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

Author