മോദിയേക്കാള്‍ വലിയ ഏകാധിപതിയാകാന്‍ മുഖ്യമന്ത്രിയുടെ മത്സരം – കെ സി വേണുഗോപാല്‍ എംപി

മോദിയെക്കാള്‍ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്നതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭാരത് ജോഡോ യാത്രികര്‍ക്കും കെ.സി.വേണുഗോപാലിനും കെപിസിസി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ ടിവി ഒരു വിഭാഗത്തിന്റെ മാത്രം സംപ്രേക്ഷണം ചെയ്യുന്നതുപോലെ കേരളത്തിലെ നിയമസഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ല. സിപിഎമ്മിനെതിരെ യാത്രക്കിടയില്‍ ഒരക്ഷരം പോലും പറഞ്ഞില്ലെങ്കിലും സിപിഎം രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി അധിക്ഷേപിച്ചു. അതിന് മറുപടി

പോലും കോണ്‍ഗ്രസ് നല്കിയില്ല.അദാനിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം സഭാ രേഖകളില്‍ നിന്നും സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞ് നീക്കി. മോദിയുടെകൂടെ അദാനി എത്രതവണ വിദേശരാജ്യത്ത് പോയിട്ടുണ്ടെന്നും അതിന്റെ ഫലമായി എത്ര കരാറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചോദിക്കുന്നത് എങ്ങനെയാണ് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെന്ന് കെ.സി.വേണുഗോപാല്‍ ചോദിച്ചു.

ബിബിസി ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഹിന്ദു മുസ്ലീം കലാപമുണ്ടാക്കന്‍ അന്തിചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചാനലുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. സോണിയാ ഗാന്ധി അസുഖബാധിതയായി കിടന്നപ്പോഴാണ് രാഹുല്‍ ഗാന്ധി 135 ദിവസങ്ങളിലായി 4080 കിലോമീറ്റര്‍ നടന്നത്. അങ്ങനെ ഒരു നേതാവ് പാര്‍ട്ടിക്കുള്ളപ്പോള്‍ നമ്മള്‍ പാര്‍ട്ടിക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്നു വിചിന്തനം ചെയ്യണം. ഭാരത് ജോഡോ യാത്രയുടെ ആവേശവും സന്ദേശവും ജനങ്ങളിലെത്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും ശങ്കരാചാര്യര്‍ കാശ്മീരിലേക്ക് നടത്തിയ യാത്രയും മഹാത്മാഗാന്ധി ദണ്ഡിയാത്ര ഉള്‍പ്പെടെ നടത്തിയ ഒരു ഡസനോളം യാത്രകളും അനുസ്മരിപ്പിക്കുന്നതാണ് ഭാരത് ജോഡോയാത്രയെന്ന് മുന്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇപ്പോള്‍ യാത്രയുടെ ഒന്നാംഘട്ടം മാത്രമാണ് പൂര്‍ത്തിയായത്. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ് ഭരണഘടനയെ സംരക്ഷിക്കുകയും മാനിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് ഭാരത് ജോഡോ യാത്രയുടെ പൂര്‍ണ്ണ ലക്ഷ്യം കൈവരിക്കുന്നതെന്നും ആന്റണി പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വവും വൈവിധ്യവും ബഹുസ്വരതയും സംരക്ഷിക്കാന്‍ ഒരു രക്ഷനെ കിട്ടിയ ആവേശത്തിലാണ് ജനങ്ങള്‍ ഭാരത് ജോഡോയാത്രയെ സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ഫാസിസത്തെ നേരിടാനും പരാജയപ്പെടുത്താനും കോണ്‍ഗ്രസ് ശക്തമാണെന്ന് രാജ്യത്തെ ബിജെപി ഇതര രാഷ്ട്രീയ കക്ഷികളെ ബോധ്യപ്പെടുത്താന്‍ ഭാരത് ജോഡോ യാത്രക്കു സാധിച്ചു. രാജ്യത്തിന് പുതിയ ദര്‍ശനമാണ് ജോഡോ യാത്ര സമ്മാനിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ അനുഗമിച്ച കേരളത്തില്‍ നിന്നുള്ള 19 ഭാരത് യാത്രികരെയും കെപിസിസി ആദരിച്ചു.

ടി.യു.രാധാകൃഷ്ണന്‍, പിജെ കുര്യന്‍, പി.സി.വിഷ്ണുനാഥ്, കെ.ജയന്ത്, മരിയാപുരം ശ്രീകുമാര്‍,പഴകുളം മധു, എംഎം നസ്സീര്‍, എന്‍.ശക്തന്‍,പാലോട് രവി, ജി.എസ്.ബാബു, ചെറിയാന്‍ ഫിലിപ്പ്, കെ.പി.ശ്രീകുമാര്‍, എം.ജെ.ജോബ്,പിഎംനിയാസ്,വി.എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിവര്‍ സംസാരിച്ചു.

Leave Comment