യുഡിഎഫ് രാജ്ഭവന്‍ സത്യഗ്രഹം നടത്തി

Spread the love

രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ അഴിമതിയിലും പ്രതിഷേധിച്ചും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും രാജ്ഭവനു മുന്നില്‍ സത്യഗ്രഹ സമരം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ച ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ മറ്റൊരു കടന്നാക്രമണം നടത്തിയിരിക്കുകയാണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ ജനാധിപത്യം സംരക്ഷിക്കുവാന്‍ ഏതറ്റം വരയുള്ള പോരാട്ടവും തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് സത്യഗ്രഹത്തില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭയാശങ്കയോടെയാണ് വര്‍ഗിയ ശക്തികള്‍ രാഹുല്‍ ഗാന്ധിയെ നോക്കികാണുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി പറഞ്ഞു.വര്‍ഗീ ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ ജനാധിപത്യ മതേതരചേരി കൈകോര്‍ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലികുട്ടി, എം കെ മുനീര്‍,മോന്‍സ്‌ജോസഫ്, ഷിബു ബേബി ജോണ്‍, മാണി സി കാപ്പന്‍,സിപി ജോണ്‍,എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍,സലിം പി മാത്യൂ,രാജന്‍ബാബു,ജോണ്‍ ജോണ്‍,മനോജ്,പാലോട് രവി,പികെ വേണുഗോപാല്‍,ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.യുഡിഎഫ് എംഎല്‍എമാരും സംസ്ഥാന നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുത്തു.

Author