കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും സഹഭാരവാഹികളും ചുമതലയേറ്റു

Spread the love

കെപിസിസി പ്രസിഡന്റായി അഡ്വ.സണ്ണി ജോസഫ് എംഎല്‍എയും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ചുമതലയേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ വഴുതക്കാട് ഈശ്വരവിലാസം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ പുതിയ കെപിസിസി നേതൃത്വത്തെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ് സ്വീകരിച്ചു.കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എക്കാലവും കോണ്‍ഗ്രസിന്റെത് ടീം വര്‍ക്കാണെന്നും സണ്ണി ജോസഫിന്റെ കീഴിലുള്ള പുതിയ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പര്യപ്തമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.സ്ഥാനമൊഴിഞ്ഞ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെ വേണുഗോപാല്‍ അഭിനന്ദിച്ചു.

പുതിയ കെ.പി.സി.സി അദ്ധ്യക്ഷനും പുതിയ നേതൃത്വത്തിനും സര്‍വ്വവിധ പിന്തുണയും , സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ.സുധാകരന്‍ പ്രഖ്യാപിച്ചു. അഴിമതിയും അക്രമവും പാതയായി സ്വീകരിച്ച സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും താഴെയിറക്കുകയാണ് ലക്ഷ്യമെന്നും വലിയ പ്രതീക്ഷയോടെയാണ് കെ.പി.സി.സി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതെന്ന് ചുമതലയേറ്റ ശേഷം സണ്ണിജോസഫ് പറഞ്ഞു.

ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരുന്നതെങ്കിലും വലിയതോതില്‍ പ്രവര്‍ത്തകര്‍ നേതാക്കളുടെ ചുമതലയേറ്റെടുക്കല്‍ കാണാന്‍ കെപിസിസിയിലേക്ക് ഒഴുകിയെത്തി.ചുമതലയേറ്റെടുക്കാന്‍ എത്തുന്ന നേതാക്കളെ അഭിവാദ്യം ചെയ്യുന്ന പ്ലക്ക് കാര്‍ഡുകളും ത്രിവര്‍ണ്ണ പാതകയുമായിട്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്. തലസ്ഥാന ജില്ലയ്ക്ക് പുറത്തുനിന്നുള്ള പ്രവര്‍ത്തകരും കെപിസിസിയില്‍ എത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍സുരേഷ്, സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, മുന്‍ കെ.പി.സി അദ്ധ്യക്ഷന്മാരായ കെ.മുരളീധരന്‍, വി.എം സുധീരന്‍, എഐസിസി സെക്രട്ടറി വി.കെ. അറിവഴകന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍,ഷാഫിപറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

ഉദ്ഘാടന ചടങ്ങളില്‍ എം.ലിജു അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി റോജി എം ജോണ്‍, ടി.സിദ്ധിഖ്,ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം, കെ.ജയന്ത്.ടി.യു.രാധാകൃഷ്ണന്‍,ജിഎസ് ബാബു, ജി.സുബോധന്‍, മരിയാപുരം ശ്രീകുമാര്‍,കെ.പിശ്രീകുമാര്‍, പഴകുളം മധു,എംഎം നസീര്‍, ഹൈബി ഈഡന്‍ എംപി, എന്‍.ശക്തന്‍,ജെബി മേത്തര്‍ എംപി,ബിന്ദു കൃഷ്ണ,ദീപ്തിമേരി വര്‍ഗീസ്, വി.പി.സജീന്ദ്രന്‍, ബി.എ.അബ്ദുള്‍ മുത്തലീബ്, പാലോട് രവി, പി.രാജേന്ദ്ര പ്രസാദ്, മുഹമ്മദ് ഷിയാസ്,വി.എസ്.ജോയ്, രാഷ്ട്രീയകാര്യ സമിതി അഗംങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

സമ്മേളനത്തിന് ശേഷം കെ.പി.സി.സി അദ്ധ്യക്ഷന്റെ മുറിയിലെത്തിയ സണ്ണിജോസഫിനെ കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാള്‍ അണിയിച്ച് അനുമോദിച്ചാണ് പ്രസിഡന്റിന്റെ കസേരയിലേക്ക് ആനയിച്ചിരുത്തിയത്. സുധാകരന്‍ സണ്ണിജോസഫിന്റെ തലയില്‍ കൈവച്ച് ആശീര്‍ദിക്കുകയും ഹാളിലുണ്ടായിരുന്ന എല്ലാവര്‍ക്കും മധുരം പങ്കുവെയ്ക്കുകയും ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *