സുസ്ഥിര,പ്രകൃതി സൗഹൃദ വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിമിത്രം പുരസ്‌കാര സമർപ്പണവും, പ്ലാസ്റ്റിക് ലഘുകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.2021 മുതൽ ഒരു പതിറ്റാണ്ട് പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രമേയത്തിലാണ് യു എൻ ഡി പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വർഷം 400 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്താകമാനം പുറന്തള്ളുമ്പോൾ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ഇതിൽ 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യവും ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. 700 ലധികം ജലജന്യ വർഗങ്ങളുടെ നാശത്തിന് ഇത് കാരണമാകുന്നു. വലിയ ആഘാതം സൃഷ്ടിക്കുന്ന മലിനീകരണം തടയുന്ന നടപടികളുമായി ലോകം മുന്നോട്ട് പോവുകയാണ്. പ്ലാസ്റ്റിക് ലഘുകൃത ജീവിത ശൈലിക്ക് രൂപം കൊടുക്കുക എന്നതിന് സംസ്ഥാന സർക്കാർ പ്രധാന പരിഗണന നൽകുന്നു.