ഓഫീസ് പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണം : മുഖ്യമന്ത്രി

Spread the love

ഓഫീസ് പ്രവർത്തനത്തിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെബിനാറിലൂടെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവർ ആ കർത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടത്തണം. ഫയലുകൾ പെൻഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.

സർക്കാർ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഫയൽനീക്കത്തിലെ നൂലാമാലകൾ അവസാനിച്ചിട്ടില്ല. മനപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഫയലുകൾ ഇപ്പോൾ തട്ടിക്കളിക്കുന്ന സ്ഥിതിയുണ്ട്. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുക, ഇഷ്ടക്കാർക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നത്.

ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാവില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നു പോകുന്നതിനും അത് അനർഹമായ ഇടങ്ങളിൽ ചെന്നു ചേരുന്നതിനും അവർ മൂകസാക്ഷികളാകും. ഇതു അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശു പോലും നഷ്ടമാകാതെ നിർദ്ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ഓഫീസുകളിലെ ഏജന്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാളിന്റെ ആവശ്യമില്ല. സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാർക്ക് ഉണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. ഓഫീസിൽ എത്തുന്നവരോടു മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസിൽ നിന്നു മാറ്റി, ജനങ്ങൾക്കു വേണ്ടി കർമ്മനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാവണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിൽ ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെയാകെ യജമാനൻമാർ എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ കൈവച്ചപ്പോൾ ശമ്പളപരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു വർഷം കൊണ്ട് നവകേരളത്തിന്റെ അടിത്തറ പാകാൻ കഴിഞ്ഞു. ഇനി ആ അടിസ്ഥാനത്തിൻമേൽ പണിയണം.

നവകേരളം യാഥാർത്ഥ്യമാക്കണം. അടുത്ത അഞ്ചു വർഷത്തിൽ ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുമുള്ള ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനാവണം. ലോകത്തെ വിരൽത്തുമ്പിൽ കണ്ടറിയുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഇവരെക്കൂടിയാണ്് ഇന്നത്തെ സിവിൽ സർവീസ് അഭിസംബോധന ചെയ്യേണ്ടത്. ഇത് തിരിച്ചറിഞ്ഞാണ് ആധുനിക വിവര സാങ്കേതികവിദ്യാ സംവിധാനങ്ങൾ എല്ലാ ഓഫീസുകളിലും ഉറപ്പാക്കുന്നത്. കെ ഫോൺ പദ്ധതി പൂർത്തീകരിക്കുന്നതോടെ മുഴുവൻ ഓഫീസുകളിലും വേഗതയാർന്ന ഇന്റർനെറ്റ് സംവിധാനം യാഥാർത്ഥ്യമാവുകയാണ്. കാലത്തിന് അനുയോജ്യമായ വിധത്തിൽ എവിടെ നിന്നും ജീവനക്കാർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്ന സാഹചര്യം കൂടി സൃഷ്ടിക്കും.
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്ര ത്യേക സംവിധാനമുണ്ടാക്കും. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *