വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തും : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി


on June 22nd, 2021
പത്താംതരം പരീക്ഷാഫലം വരുമ്പോൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തും :വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പത്താംതരം പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളുടെ കരിയർ സംബന്ധമായ സഹായങ്ങളും, കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാൻ ഉള്ള വിവിധ പ്രവർത്തനങ്ങളുമാണ് സെൽ ഇപ്പോൾ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ സൗഹൃദ ക്ലബ്ബുകളും ക്ലബ്ബിന്റെ കോഡിനേറ്റർമാരും പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി “ആഫ്റ്റർ പ്ലസ് ടു” എന്നപേരിൽ 18 ദിവസം നീണ്ടുനിന്ന കരിയർ വെബിനാർ സംഘടിപ്പിക്കപ്പെട്ടിരുന്നു.
പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ കരിയർ ഗൈഡൻസ് പ്രോഗ്രാം ആണ് ആരംഭിച്ചത്. പത്താംക്ലാസ് പരീക്ഷ എഴുതിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചിക്കനുസരിച്ച് സാധ്യമായ തുടർപഠന മേഖലകളും തൊഴിൽ സാധ്യതയുമാണ് ഇതിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരുന്നത്. വിഎച്ച്എസ്ഇ, ടെക്നിക്കൽ ഹയർസെക്കൻഡറി, പോളിടെക്നിക് തുടങ്ങിയ വിവിധ സാധ്യതകൾ പത്താം ക്ലാസിനു ശേഷം ഉണ്ടെന്ന് കുട്ടികളെ പരിചയപ്പെടുത്താൻ ഈ പരിപാടിക്ക് കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *