ജൂബിലി നിറവില്‍ മൂന്നു കോടിയുടെ ഭവന പദ്ധതിയുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് ഇടവക മാതൃകയായി

Picture

ഹൂസ്റ്റണ്‍: കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ ഉള്‍പ്പെട്ട 38 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നിമിത്തമായതിന്റെ സാഫല്യവുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ രജത ജൂബിലിക്കും, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ ദശാബ്ദിക്കും പരിസമാപ്തി.

ജൂണ്‍ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ലളിതമായ ജൂബിലി സമാപന ചടങ്ങ് പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണത്തോടെയാണ് തുടങ്ങിയത്. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഹൂസ്റ്റണ്‍ മേഖലയിലുള്ള മറ്റ് വൈദികരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ കൃതജ്ഞതാ ബലിയര്‍പ്പണം നടന്നു.

തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ.സുനി പടിഞ്ഞാറേക്കര സ്വാഗതം ആശംസിച്ചു. ചാരിറ്റിക്കു മുന്‍തൂക്കം നല്‍കിക്കൊണ്ട് നടത്തിയ ജൂബിലി ആഘോഷം ഏറെ മാതൃകാപരമാണെന്ന് വീഡിയോ ആശംസാ സന്ദേശത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തു പ്രത്യേകം എടുത്തു പറഞ്ഞു. ആഘോഷങ്ങള്‍ക്കു പ്രധാന്യം നല്‍കാതെ ഒരു വര്‍ഷം കൊണ്ട് നിര്‍ധനരെ സഹായിക്കുവാന്‍ മൂന്നു കോടിയോളം രൂപ (നാലു ലക്ഷം ഡോളര്‍) ഒരു ഇടവകയില്‍ നിന്നു തന്നെ സമാഹരിക്കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണെന്നും, ഹൂസ്റ്റണ്‍ ഇടവകയുടെ ഈ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണെന്നും പിതാക്കന്മാര്‍ പറഞ്ഞു. ജൂബിലി കണ്‍വീനര്‍ പീറ്റര്‍ ചാഴികാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഫാ.തോമസ് മുളവനാല്‍ നിര്‍വഹിച്ചു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നിര്‍മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്ന 38 ക്‌നാനായ വീടുകള്‍ ഏതെല്ലാം ഇടവയ്ക്കാണെന്ന വിവരങ്ങള്‍ ഫാ.തോമസ് മുളവനാല്‍, ജോസ് പുളിക്കത്തൊട്ടിയില്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു. പത്തു ഭവനങ്ങള്‍ നിര്‍മിക്കാനാണ് തുടക്കത്തില്‍ ഉദ്ദേശിച്ചതെങ്കിലും സുമനസുകളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ 38 വീടുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നു എന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും, ഇക്കാര്യത്തില്‍ സഹകരിച്ച എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുന്നുവെന്നും ഫാ.സുനി പടിഞ്ഞാറേക്കര പറഞ്ഞു. 10 ലക്ഷം രൂപയുടെ വീടുകളാണ് നിര്‍മിക്കുന്നത്. 21 വീടുകളുടെ നിര്‍മാണത്തിന് 10 ലക്ഷം രൂപ വീതവും, 17 വീടുകളുടെ നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ വീതം ജൂബിലി ഭവന നിര്‍മാണ ഫണ്ടില്‍ നിന്ന് നല്‍കുകയും ബാക്കി ഗുണഭോക്താവ് വഹിക്കുകയുമാണ് ചെയ്യുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും, ചാരിറ്റിക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുവാന്‍ തീരുമാനിച്ച സാഹചര്യത്തിലും ആഘോഷ പരിപാടികള്‍ പലതും പരിമിതപ്പെടുത്തുകയും ലളിതമാക്കുകയും ചെയ്തിരുന്നു. എങ്കിലും വിവിധ കലാ കായിക മത്സരങ്ങള്‍ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയിരുന്നു. ഈ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം സമാപന സമ്മേളനത്തില്‍ നടത്തി. ജൂബിലി കണ്‍വീനര്‍ ബേബി മണക്കുന്നേല്‍ നന്ദി പറഞ്ഞു.

കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി വിഭാവനം ചെയ്ത ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ , ഗാല്‍വസ്റ്റണ്‍ ഹൂസ്റ്റണ്‍ കാത്തലിക് അതിരൂപതയുടെ അംഗീകാരത്തോടെ 1996 ജനുവരി ആറിനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. തുടര്‍ന്ന് വിവിധ ഇംഗ്ലീഷ് ദേവാലയങ്ങളില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു വന്നിരുന്നു. ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്റര്‍ യാഥാര്‍ഥ്യമായതോടെ ബലിയര്‍പ്പണം പിന്നീട് അവിടെയാണ് നടത്തി വന്നത്. 2001 ല്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നിലവില്‍ വന്നപ്പോള്‍ ക്‌നാനായ മിഷന്‍ ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 2011 നവംബര്‍ അഞ്ചിന് സ്വന്തമായി പള്ളി വാങ്ങിയ ഇടവക , 2015 ല്‍ ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. നൂറില്‍ താഴെ കുടുംബങ്ങളുമായി തുടക്കമിട്ട മിഷന്‍ രജത ജൂബിലി നിറവിലെത്തുമ്പോള്‍ ആയിരത്തോളം കുടുംബങ്ങളുടെ ആത്മീയ അഭയ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് ജൂബിലി ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ജോയിച്ചൻപുതുക്കുളം

Leave Comment