ഭിന്നിപ്പില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുക : പാപ്പ

Picture

വത്തിക്കാന്‍ സിറ്റി: ഭിന്നിപ്പില്‍ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര തുടരുവാനും പിളര്‍പ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ലൂതറന്‍ സഭ പ്രതിനിധികളെ ഓര്‍മ്മിപ്പിച്ച്. ഫ്രാന്‍സിസ് പാപ്പ. ലൂതറന്‍ സഭാവിഭാഗത്തിന്‍റെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ ഇന്നു വെള്ളിയാഴ്ച (25/06/21) വത്തിക്കാനില്‍ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു ഫ്രാന്‍സിസ് പാപ്പ.

ലൂതറന്‍ സഭയുടെ ‘ഓഗ്‌സ്ബര്‍ഗ് പ്രഖ്യാപനത്തിന്‍റെ’ വാര്‍ഷിക ദിനമാണ് ജൂണ്‍ 25 എന്നതും ഈ പ്രഖ്യാപനത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികം 2030 ജൂണ്‍ 25നാണെന്നതും അനുസ്മരിച്ച പാപ്പ, അഞ്ഞൂറാം വാര്‍ഷികത്തിലേക്കുള്ള യാത്ര അനുരഞ്ജന പ്രയാണത്തിന് ഗുണകരമായി ഭവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

ഭിന്നിപ്പില്‍ നിന്ന് ഐക്യത്തിലേക്കുള്ള യാത്രയുടെ തുടര്‍ച്ചയില്‍ അടുത്ത ഘട്ടം സഭയെ ഐക്യപ്പെടുത്തുന്ന ബന്ധങ്ങളും ശുശ്രൂഷയും കുര്‍ബാനയും ആഴത്തില്‍ തേടലാണെന്നും പിളര്‍പ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ലൂതറന്‍ സഭയുടെ 2023ലെ പൊതുയോഗത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പ, നൂറ്റാണ്ടുകളുടെ ഗതിയില്‍ കര്‍ത്താവ് സകലര്‍ക്കുമായി ഒരുക്കിയ നിരവധിയായ ആദ്ധ്യാത്മിക നിധികളെ വിലമതിക്കുകയും സ്മരണയെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ജോയിച്ചൻപുതുക്കുളം

Leave Comment