സ്ത്രീകള്‍ക്കെതിരേ അതിക്രമം; പ്രത്യേക കോടതികള്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തുന്ന കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ നല്‍കാനായി പ്രത്യേക കോടതികള്‍  അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷന്‍, രാമങ്കരി പോലീസ് സ്റ്റേഷന്‍, എടത്വ പോലീസ് സ്റ്റേഷന്‍  കെട്ടിടങ്ങളുടെ ഉദ്ഘാടനവും ജില്ലാ പോലീസ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ക്രമസമാധാന പാലനത്തിലും കേസ് അന്വേഷണത്തിലും കേരള പൊലീസ് മികച്ച നേട്ടമാണ് കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

post

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മ്മിക്കുക എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും സ്വന്തം കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2018ലെ പ്രളയത്തില്‍ നശിച്ച കെട്ടിടങ്ങളായിരുന്നു കുട്ടനാട്ടിലെ പ്രധാനപ്പെട്ട രണ്ടു പോലീസ് സ്റ്റേഷനുകളായ എടത്വ പോലീസ് സ്റ്റേഷനും രാമങ്കരി പോലീസ് സ്റ്റേഷനും. ഇവ രണ്ടും ഇനിയൊരു പ്രകൃതിക്ഷോഭം വന്നാലും തകരാത്ത തരത്തിലാണ് നിര്‍മിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1. 41 കോടി മുടക്കിയാണ് കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ  മേല്‍നോട്ടത്തില്‍ എം.ഒ.പി.എഫ്.  (മോഡേണൈസേഷന്‍ ഓഫ് സ്റ്റേറ്റ് പോലീസ് ഫോഴ്‌സ്) പദ്ധതി വഴി 6006 ചതുരശ്ര അടിയില്‍ ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2018 ലെ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന എടത്വ പോലീസ് സ്റ്റേഷനും ഭാഗികമായി തകര്‍ന്ന രാമങ്കരി പോലീസ് സ്റ്റേഷനും ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മിച്ചത്. 3922 ചതുരശ്ര അടിയിലുള്ള എടത്വ പോലീസ് സ്റ്റേഷനും രാമങ്കരി പോലീസ് സ്റ്റേഷനും യഥാക്രമം 1.16 കോടി, 1.48 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്. പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ പൈല്‍ക്യാപ്പില്‍ നിന്നും 2.1 മീറ്റര്‍ ഉയര്‍ത്തിയാണ് ഇരു പോലീസ് സ്റ്റേഷന്റേയും നിര്‍മാണം. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യങ്ങളും കെട്ടിടങ്ങളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ.എ.എം. ആരിഫ് എം.പി., ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.എസ്.പി. ഡോ.എന്‍. നസിം, ഡെപ്യൂട്ടി കമാന്‍ഡ് വി. സുരേഷ് ബാബു, ആലപ്പുഴ ടൗണ്‍ ഡിവൈ.എസ്.പി. ഡി. കെ. പൃഥ്വിരാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.  കെ. ബിജുമോന്‍, തുടങ്ങിയവര്‍ സന്നിഹിതരായി. രാമങ്കരി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. വിശ്വംഭരന്‍, രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും എടത്വ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം രേഷ്മ ജോണ്‍സണ്‍, സി.ഐ. കെ. ജി. പ്രതാപ് ചന്ദ്രന്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

 

Leave Comment