ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍- സംസ്ഥാനതല വിതരണോദ്ഘാടനം ജൂലൈ ഒന്നിന്

Spread the love

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് നല്‍കുന്ന പഠനകിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ജൂലൈ ഒന്നിന് രണ്ട് മണിയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ നിര്‍വഹിക്കും.

സിക്കന്തരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസ് തയാറാക്കിയ പഠനകിറ്റുകള്‍ വിതരണത്തിനായി ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി.ഡി.എം.ആര്‍ പ്രൊജക്ടിന്റെ സഹായത്തോടെ സമഗ്ര ശിക്ഷാ കോഴിക്കോടാണ് പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഒരുകോടി രൂപയുടെ പഠനോപകരണങ്ങളാണ് ഈ പ്രോജക്ടിന്റെ ഭാഗമായി കുട്ടികള്‍ക്ക് ലഭിക്കുന്നതെന്ന് സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം അറിയിച്ചു.

കുട്ടികളുടെ പ്രായം, പരിമിതിയുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയാറാക്കിയ നാലു വ്യത്യസ്ത തരം പഠനോപകരണ കിറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്. വീടുകളില്‍നിന്ന് പരിശീലനം നല്‍കാന്‍ സഹായകരമായ ഇരുപത്തിരണ്ടോളം പരിശീലന സഹായ ഉപകരണങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയ വിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് സഹായകരമായ ഓരോ കിറ്റിനും പതിനായിരം രൂപയാണ് വില.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് വിതരണ ക്യാംപുകള്‍ ഒരുക്കിയിരിക്കുന്നത്. അര്‍ഹരായ കുട്ടികള്‍ എത്തിച്ചേരേണ്ട സ്ഥലം, സമയം, തിയ്യതി എന്നിവയും ക്യാംപില്‍ ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങളും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അറിയിച്ചു.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *