ഇരിങ്ങലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കും – മന്ത്രി അഹമ്മദ് ദേവർ കോവിൽ

Spread the love

കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം ഇരിങ്ങൽ കോട്ടക്കലിൽ സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു . ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മ്യൂസിയം കുഞ്ഞാലി മരക്കാരുടെ നാവിക പ്രാഗത്ഭ്യവും നാൾവഴികളും പ്രദർശിപ്പിക്കുന്നതിന് അപര്യാപ്തമായതിനാലാണ് തീരുമാനം.

വിദ്യാർഥികൾക്കും ഗവേഷകർക്കും ചരിത്രകുതുകികളായ ആളുകൾക്കും കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പകർന്ന് നൽകുന്നതിനുള്ള വിശാലമായ മ്യൂസിയമാണ് സ്ഥാപിക്കുക . ഇതിനായി പയ്യോളി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും. പോർച്ചുഗീസ് രേഖകൾ ഉൾപ്പെടെയുള്ളവയുടെ റഫറൻസിന് വിപുലമായ ലൈബ്രറിയും അനുബന്ധമായി ഒരുക്കും . എല്ലാ മ്യൂസിയങ്ങളെയും ഏകീകരിച്ചു കൊണ്ട് വിദേശികർ ഉൾപ്പെടെയുള്ളവർക്ക് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്. ചരിത്ര പ്രാധാന്യമുള്ള ഒരു ശേഷിപ്പുകളും നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മ്യൂസിയം ചാർജ് ഓഫീസർ കെ.പി.സദു, വാർഡ് മെമ്പർ ചെത്തിൽ സുജല, കൗൺസിലർ പി.അഷ്റഫ്, മ്യൂസിയം ഗൈഡ് എൻ.കെ.രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *