എസ്‌എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയുടെ ഔപചാരിക ഉൽഘാടനം ചരിത്രമുഹൂർത്തമായി.

ഹൂസ്റ്റൺ: സിറോ മലബാർ സഭയിലെ ഏറ്റവും വലിയ അൽമായ കൂട്ടായ്മയായ എസ്‌എംസിഎയുടെ, എസ്‌എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയിലെ വിശ്വാസ സമൂഹത്തിന്റെ കുടുംബകൂട്ടായ്മയുടെ ഉൽഘാടനം ആശീർവാദങ്ങളുടെയും ആശംസകളുടെയും പെരുമഴ പെയ്തിറങ്ങിയ ആഘോഷങ്ങളുടെ ഒരു അസുലഭ നിമിഷമായിരുന്നു.

ജൂൺ 26ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഹൂസ്റ്റൺ സമയം / 10 മണി – ടൊറോന്റോ സമയം) സൂം  പ്ലാറ്റ് ഫോമിലാണ് ഉൽഘാടന സമ്മേളനം നടത്തപ്പെട്ടത്.പ്രസിഡന്റ് ചെറിയാൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി അംഗങ്ങളെ സ്വാഗതം ചെയ്തു. കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എസ്‌എംസിഎ ഏറ്റെടുത്തു തുടർന്നു പോരുന്ന ദൗത്യമെന്നു അദ്ദേഹം എടുത്തു പറഞ്ഞു. പ്രസിഡന്റ് ചെറിയാൻ മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തിൽ എസ്‌എംസിഎ ഇടയനില്ലാതെ ചിതറിപ്പോയ അജഗണത്തിനു പകൽ മേഘത്തണലായും രാത്രിയിൽ ദീപസ്തംഭവുമായും സഭയുടെ ചിറകിന്റെ കീഴിൽ ഒരുമിച്ചുകൂട്ടിയ മഹത് പ്രസ്ഥാനമാണ് എന്ന് ഊന്നി പറഞ്ഞു.
സംഘടയുടെ സഹ രക്ഷാധികാരിയും ചിക്കാഗോരൂപത സഹായമെത്രാനുമായ മാർ ജോയ് ആലപ്പാട്ട് ഉത്‌ഘാടനം നിർവഹിച്ചു. എസ്എംസിഎ എന്നത് അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുറപ്പിക്കപ്പെട്ട വരാണ് നിങ്ങളെന്നും ആ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണെന്നും മാർ ആലപ്പാട്ട് ഉത്ഘാടന പ്രസംഗത്തിൽ ഉത്‌ബോധിപ്പിച്ചു. ട്രഷറർ ജോസ് തോമസ് നാളിതുവരെ എസ്എംസിഎ സഭക്കും സമൂഹത്തിനും ചെയ്തു
പോരുന്ന പ്രധാന നാഴികക്കല്ലുകളുടെ വിശദ വിവരങ്ങൾ നൽകുകയുണ്ടായി.
സംഘടനയുടെ രക്ഷാധികാരിയും ചിക്കാഗോ രൂപതാധ്യക്ഷനുമായ മാർ ജേക്കബ് അങ്ങാടിയത് അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എംസിഎ വളരെ ശ്രദ്ധേയമായ സംഭാവനകൾ സഭക്ക് നൽകി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്എംസിഎ ചെയ്തുവരുന്ന സ്നേഹ ശുശ്രുഷയും ഉപവി പ്രവർത്തനങ്ങളും വളരെയധികം പ്രശംസനീയമാണെന്നു അദ്ദേഹം തന്റെ പ്രഭാഷണത്തിൽ എടുത്തു പറയുകയുണ്ടായി.സംഘടനയുടെ രക്ഷാധികാരിയും മിസ്സിസ്സാഗ രൂപതാധ്യക്ഷനുമായ മാർ ജോസ് കല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്എംസിഎ എന്ന മരം ഏതു പ്രതിസന്ധിയിലും ഏതു കാറ്റും മഴയും വന്നാലും തളരാതെ തകരാതെ ഒടിയാതെ ഉണർന്നു നിൽക്കുന്ന അനുഗ്രഹീതമായ ഒരു കൂട്ടായ്മയാണ് എന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മക്കളെയും പേരക്കിടാങ്ങളെയും വിശ്വാസത്തിലും പാരമ്പര്യത്തിലും വളർത്തി വരും തലമുറക്ക് വേണ്ടി പ്രയത്‌നിക്കണമെന്നു
അദ്ദേഹം ഉത്‌ബോധിപ്പിച്ചു.സംഘടനയുടെ നേതൃത്വത്തിൽ നോർത്ത് അമേരിക്കയിലെ വിവിധ ഇടവകകളിൽ ചെയ്യുന്ന വിശിഷ്ടസേവനങ്ങളെ  പിതാക്കന്മാർ അഭിനന്ദിച്ചു.നിറഞ്ഞ കൈകളുമായി ദുരിത ഭൂമിയിൽ എന്നും കൈത്താങ്ങായി എസ്‌എംസിഎ അന്നും ഇന്നും സഭക്കൊപ്പം നിലനിന്നു പോരുന്നു. പതിതർക്കും അശരണർക്കും ആലംബമായി ഭവനരഹിതർക്കു നാളിതു വരെ 633 വീടുകളും, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും അത്യാഹിത വേളയിൽ ആശ്വാസമായും
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയായി എസ്‌എംസിഎ
നിലകൊള്ളുന്നു.

ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. എസ്എംസിഎ ആന്തം രചിച്ചു ഈണം നൽകിയ ഫാ. സിറിയക് കോട്ടയിൽ, എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ, കുവൈറ്റ് റിട്ടേർണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്, എസ്എംസിഎ കുവൈറ്റ് മുൻ പ്രസിഡന്റ് തോമസ് കുരുവിള എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘാടനംഗങ്ങളും മക്കളും ചേർന്നു അവതരിപ്പിച്ച വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി. ജോനാ ജോർജും റീത്തു സെബാസ്ത്യനും പരിപാടികൾ ഏകോപിപ്പിച്ചു.

വൈസ് പ്രസിഡന്റ് തോമസ് വിതയത്തിൽ എല്ലാവര്ക്കും കൃതജ്ഞത നേർന്നു. മാർ തട്ടിൽ പിതാവിന്റെ സമാപന ആശീർവാദത്തോടെ സമ്മേളനം പര്യവസാനിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി.

Leave Comment