ആസാദി കാ അമൃത് മഹോത്സവ്’ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിച്ചു.

ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിന്റെ ഭാഗമായി 75000 ഹെക്ടര്‍ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുവാനും 75 ലക്ഷം ഔഷധസസ്യങ്ങള്‍ വീടുകളില്‍ നട്ടു വളര്‍ത്തുവാനും അതുവഴി ഔഷധസസ്യങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 750 ഹെക്ടര്‍ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ ഔഷധസസ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഔഷധസസ്യകൃഷി വ്യാപിപ്പിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗുണനിലവാരമുള്ള ഔഷധങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും ഒപ്പം സംസ്ഥാനത്തിന്റെ ഔഷധസസ്യ സംരക്ഷണം ഉറപ്പ് വരുത്തുവാനും ഇത് സഹായകരമാകും.

ഔഷധസസ്യ കൃഷിയുടെ പ്രാധാന്യം, അനിവാര്യത, സംരക്ഷണം, ഉപയോഗം, വിപണനം, ഗവേഷണം, കൃഷി പ്രോത്സാഹനം, പരിപോഷണ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, ഏജന്‍സികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലൂടെ ഔഷധസസ്യങ്ങളുടെ പരിപേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ ഔഷധസമ്പത്ത് വര്‍ദ്ധിപ്പിക്കുവാനുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *