ദൈനംദിന ജീവിതം നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്: സെമിനാര്‍

Spread the love

നമ്മുടെ ദൈനം ദിന ജീവിതം നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആണെന്ന് ഐ ടി വിദഗ്ധനും ക്ലൗഡ് ആര്‍ക്കിടെക്ടുമായ ബിനിഷ് മൗലാന അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്പ്) സംയുക്തമായി സാങ്കേതിക തൊഴില്‍ മേഖലയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ടി രംഗത്ത് നമ്മള്‍ എന്ത് പഠിച്ചു എന്നതിനേക്കാള്‍ എങ്ങനെ ദൈനംദിന ജീവിതത്തില്‍ അത് ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയര്‍ ഡവലപ്പ് ചെയ്യുക എന്നതില്‍ നിന്നും വിവര സാങ്കേതിക വിദ്യ രംഗം ഏറെ മാറികഴിഞ്ഞു. ഇന്ന് വിവര സാങ്കേതിക വിദ്യ എന്നത് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ളതാണ്. നമ്മള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വിവരസാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നുള്ളത് പ്രധാനമാണ്. പഠിക്കുന്ന സമയത്ത് തന്നെ കുട്ടികള്‍ക്ക് എന്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞു അത് വിപുലപ്പെടുത്തി എടുക്കുകയാണ് വേണ്ടത്. വെറുതെ പഠിക്കുക എന്നതില്‍ നിന്നും ഓരോ സെമസ്റ്ററിലും ഓരോ പ്രൊജക്റ്റ് ചെയ്തു കാണിക്കുമ്പോള്‍ മാത്രമാണ് വിവരസാങ്കേതിക വിദ്യ ജീവിതത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
വെബിനാര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് ബിസിനസ് ഡവലപ്പ്മെന്റ് ആന്റ് പ്ലേസ്‌മെന്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ടി വി വിനോദ് മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയാട്ട്, പ്രോഗ്രാം മാനേജര്‍ ആനന്ദ് എസ് ഉണ്ണി എന്നിവര്‍ സംസാരിച്ചു. പ്രോഗാം മാനേജര്‍ മോണിഷ മോഹനന്‍ മോഡറേറ്ററായി. ജില്ലയിലെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 ലേറെ വിദ്യാര്‍ഥികളാണ് വെബിനാറില്‍ പങ്കെടുത്തത്.

Author

Leave a Reply

Your email address will not be published. Required fields are marked *