ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

Spread the love

ഇൻഡോർ സ്റ്റേഡിയങ്ങളും നീന്തൽകുളങ്ങളും തുറക്കും
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഹാരം കഴിക്കാനെത്തുന്നവരും ഹോട്ടൽ തൊഴിലാളികളും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. 18 വയസിൽ താഴെയുള്ളവർക്ക് വാക്സിൻ നിബന്ധന ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങൾ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏർപ്പെടുത്തണം.ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തനവും രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ച ആളുകൾക്ക് അനുവദിക്കും. വാക്സിനേഷൻ നിബന്ധന 18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനം.സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകൾക്കുളളിൽ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകി. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിന് ആയിരിക്കും. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹായവും ഉണ്ടാകും. സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂൾ വാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഓടിക്കുന്നവർക്ക് പത്തുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി.
അധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂൾ തുറക്കുന്നതിനു മുമ്പ് നടത്തും. കുട്ടികളിൽ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എങ്കിലും കുറച്ച് കുട്ടികൾക്കെങ്കിലും കോവിഡ് വന്നേക്കാം. ഇത് മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്സിൻ എടുക്കണമെന്ന് പറയുന്നത്. സ്‌കൂൾ പിടിഎകൾ അതിവേഗത്തിൽ പുന:സംഘടിപ്പിക്കണം. അടച്ചിട്ട മുറികളിലും ഹാളുകളിലും പലയിടത്തും യോഗം നടക്കുന്നുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *