സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം 16ന്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ഒക്ടോബര്‍ 16 മുതല്‍ 18 വരെ 48 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്തും.

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സമഗ്രമായ ചര്‍ച്ചനടത്താന്‍ സംസ്ഥാനത്തെ എംപിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു കൊടിക്കുന്നില്‍.

പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കും മുന്‍പെ സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നത് ദുരൂഹമാണ്.നാലു ലക്ഷം കോടി രൂപയുടെ ഭീമമായ കടം നില്‍ക്കുന്ന സംസ്ഥാനത്ത് 63941 കോടിയുടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാനം വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തും.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ മാത്രമാണ് അംഗീകാരം ലഭിച്ചത്. എളുപ്പത്തില്‍ അനുമതി നല്‍കാന്‍ കഴിയുന്ന പദ്ധതിയല്ലിത്.വിവിധ തലങ്ങളില്‍ ഉന്നതതല ചര്‍ച്ചകളും സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനുണ്ട്.തല്‍സ്ഥിതി ഇതായിരിക്കെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചെന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചരണം നടത്തുന്നത്.

Leave Comment