പ്രിയങ്കയെ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുന്നു : കെ സുധാകരന്‍ എംപി

Spread the love

ലഖീംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ 49 മണിക്കൂര്‍ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയില്‍പോലും എടുത്തില്ല.

കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

Priyanka gandhi arrested by UP Police

കര്‍ഷകരെ വണ്ടിയിടിപ്പിച്ചും വെടിവെച്ചും കൊന്നവര്‍ക്കെതിരെ രാജ്യത്ത് ആളിക്കത്തുന്ന പ്രതിഷേധം ബിജെപി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. കേന്ദ്രമന്ത്രിയുടെ മകനെ ഇത്രയും ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്.

കര്‍ഷകരെ കൊന്നെന്നറിഞ്ഞ് അതിരാവിലെ തന്നെ സംഭവസ്ഥലത്തേക്കു കുതിച്ച പ്രിയങ്കയെ കണ്ടപ്പോള്‍, 1977ല്‍ ബിഹാറിലെ ബല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ വളരെ കഷ്ടപ്പെട്ട് രാത്രിയില്‍ അവിടെയെത്തിയ ഇന്ദിരാഗാന്ധിയെയാണ് ഓര്‍മവന്നത്. ഇന്ത്യയുടെ രണ്ടാം ഇന്ദിരാഗാന്ധിയായ പ്രിയങ്കയുടെ ധൈര്യവും തന്റേടവും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടെന്ന് സുധാകരന്‍ പറഞ്ഞു.

ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ 600 പേരുടെ ജീവനാണ് നഷ്ടമായത്. രാജ്യം ഇതിന് മുന്‍പും വളരെ തീക്ഷ്ണമായ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ കാലാകാലങ്ങളില്‍ ഭരണത്തിലുള്ള സര്‍ക്കാരുകള്‍ രമ്യമായി പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല.

കാര്‍ഷിക മേഖലയുടെ അസ്തിത്വത്തിനു നേരേ വെല്ലുവിളി ഉയര്‍ന്നപ്പോഴാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ അസ്ഥിവാരം തോണ്ടുമെന്നും കോര്‍പറേറ്റുകള്‍ തങ്ങളെ വിഴുങ്ങുമെന്നും അവര്‍ ഭയക്കുന്നു.

രാജ്യത്ത് വികസനവും പുരോഗതിയും ഉണ്ടാക്കിയതിന്റെ വേദന അറിയാത്തവരാണ് ബിജെപിക്കാര്‍. കോണ്‍ഗ്രസിന്റെ അരനൂറ്റാണ്ടുകാലത്തെ ഭരണത്തിന്റെ ഫലമായി രാജ്യത്ത് നിര്‍മ്മിച്ച വിമാനത്താവളങ്ങളും പോസ്‌റ്റോഫീസും റെയില്‍വെയും ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ തെരുവോര കച്ചവടക്കാരന്റെ മനോഗതിയോടെ ലേലം വിളിച്ച് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി പ്രചാരണ സമതി ചെയര്‍മാന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ എംപിമാര്‍,എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ രാജ്ഭവന്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

രാജ്ഭവന്‍ ധര്‍ണ്ണയ്ക്ക് അനുഭാവംപ്രകടിപ്പിച്ച് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ്ണ നടന്നു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *