വിയന്ന: ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ നൈറ്റ് ഓഫ് ദി ഓഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി എന്ന ബഹുമതി മലയാളി വൈദികന്. വിയന്നയില്‍ സേവനം അനുഷ്ഠിക്കുന്ന ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഫാ. തോമസ് മണലിലിനാണ് ഈ വിശിഷ്ട ബഹുമതി ലഭിച്ചത്.
ഇറ്റലിയുടെ പുനര്‍നിര്‍മിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്കുന്ന സിവിലിയന്‍ ബഹുമതിയാണിത്. ഇറ്റലിയുടെ പ്രസിഡന്റ് നല്കുന്ന ഈ ബഹുമതി ഓസ്ട്രിയയിലെ ഇറ്റാലിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇറ്റാലിയന്‍ അംബാസഡര്‍ സെര്‍ജിയോ ബര്ബാന്തി ഫാ. തോമസിന് സമ്മാനിച്ചു. ഓസ്ട്രിയയിലെ വത്തിക്കാന്‍ അപ്പസ്തോലിക് സ്ഥാനപതി ലോപ്പസ് ക്വിന്താനാ ചടങ്ങില്‍ മുഖ്യാതിഥിയായി.
ചങ്ങനാശേരി അതിരൂപതയിലെ മുട്ടാര്‍ മണലില്‍ ജോസുകുട്ടിയുടെയും മറിയാമ്മയുടെയും മകനാണ് ഫാ. തോമസ് മണലില്‍. വിയന്നയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 2011ല്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുംതോട്ടത്തില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു.
വിയന്നയിലെ ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലനദൗത്യം നിര്‍വഹിക്കുന്ന ഫാ. തോമസ് ഫ്രാന്‍സിസ്കകന്‍ കണ്‍വഞ്ചുല്‍ സന്യാസ സമൂഹാംഗവും സഭയുടെ വിയന്നയിലെ ആശ്രമത്തിന്റെ സുപ്പീരിയറുമാണ്. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രത്യേക പ്രാവിണ്യം നേടിയിട്ടുണ്ട്