പ്രമുഖ ഹിന്ദി പണ്ഡിതനും കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനുമായ ഡോ. എൻ ചന്ദ്രശേഖരൻ നായർക്ക് ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് പട്ടത്തെ വസതിയിലെത്തി പത്മശ്രീ പുരസ്‌കാരം കൈമാറി.
നവംബറിൽ രാഷ്ട്രപതിഭവനിൽ നടന്ന പത്മശ്രീ പുരസ്‌കാരവിതരണ ചടങ്ങിൽ വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കൊണ്ട് 98 വയസുള്ള ചന്ദ്രശേഖരൻ നായർക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറി വസതിയായ ശ്രീനികേതനിൽ നേരിട്ടെത്തി പുരസ്‌കാരം കൈമാറിയത്.
ബഹുമുഖ പ്രതിഭയായ വ്യക്തിത്വമാണ് ചന്ദ്രശേഖരൻനായരുടെതെന്നും സർഗ്ഗാത്മകരംഗത്തും അക്കാദമികരംഗത്തും മികവ് തെളിയിച്ച പ്രതിഭാശാലിയാണ് അദ്ദേഹമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഹിന്ദിയിലും മലയാളത്തിലും അറുപതോളം പ്രൗഢമായ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ചിത്രകലയിലും മികവ് തെളിയിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
ഇരുപതാം വയസ്സിൽ സാഹിത്യ പ്രവർത്തനത്തിലൂടെ രാജ്യത്തിനായുള്ള സേവനം തുടങ്ങിയെന്നും പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന് കഠിനപ്രയത്‌നത്തിലൂടെയാണ് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ചതെന്നും ചന്ദ്രശേഖരൻ നായർ പറഞ്ഞു.
കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ രക്ഷാധികാരിയായ റിട്ട. ജസ്റ്റിസ് എം.ആർ ഹരിഹരൻ നായരും ചന്ദ്രശേഖരൻ നായരുടെ മക്കളായ നീരജയും സുനന്ദയും അടുത്ത ബന്ധുക്കളും ശിഷ്യരും സന്നിഹിതരായിരുന്നു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അറുപതോളം പുരസ്‌കാരങ്ങൾ ചന്ദ്രശേഖരൻ നായർക്ക് ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ ഇന്ത്യയിലെ പല സർവകലാശാലകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളത്തിലെ പ്രേംചന്ദ് എന്നാണ് സാഹിത്യ വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നത്. ചിത്രകലയിലും കഴിവു തെളിയിച്ച അദ്ദേഹം കേരളത്തിലും ഡൽഹിയിലും ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Leave Comment