വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പുനരധിവാസം, ജീവനോപാദികള്‍ കണ്ടെത്താനുള്ള സഹായം വിദ്യാഭ്യാസ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിലുള്ള വീഴ്ചയാണ് അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പദ്ധതി വന്നപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെ കുറിച്ചാണ് മന്ത്രിമാര്‍ നിയസഭയില്‍ സംസാരിച്ചത്. എന്തോ ഔദാര്യം കൊടുത്തെന്ന മട്ടിലാണ് പറയുന്നത്. തുറമുഖ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്താനാവശ്യമായ പുനരധിവാസ പാക്കേജിന്റെ ഭാഗമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുറമുഖ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നത് പരിഗണിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നിരന്തരമായി ചര്‍ച്ച നടത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്.

അതിരൂപത നടത്തുന്ന സമരം സര്‍ക്കാരിനെ അട്ടിമറിക്കാനല്ല. സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. തീരദേശവാസികളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാണ് അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. പുറത്ത് നിന്ന് ആളെ കൊണ്ടുവന്നാണ് സമരം നടത്തുന്നതെന്ന് പറയുന്നതും ഗൂഡാലോചനയുണ്ടെന്ന് പറയുന്നതും പ്രതിഷേധാര്‍ഹമാണ്. ആ സമരം നടക്കുന്നത് കൊണ്ടാണ് വലിയതുറയിലെ സിമെന്റ് ഗോഡൗണില്‍ കിടക്കുന്ന പാവങ്ങളെ വാടക വീട്ടിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രിക്ക് ഇന്ന് പറയേണ്ടി വന്നത്. നാലു കൊല്ലമായി ഗോഡൗണില്‍ കിടക്കുന്ന ആ പാവങ്ങള്‍ക്ക് വാടക വീട് കൊടുക്കാമെന്ന് സമരത്തിന് മുന്‍പ് നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തെ കുറിച്ച് പോലും നിങ്ങള്‍ ആലോചിച്ചത് അതിരൂപത സമരം നടത്തിയത് കൊണ്ടാണ്. വലിയതുറയിലെ വലിയതുറയിലെ ഗോഡൗണില്‍ കഴിയുന്നവരുടെ ദയനീയാവസ്ഥ ഇതിന് മുന്‍പും നിയമസഭയില്‍ അവതരിപ്പിച്ചതാണ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുമ്പോള്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. സമരക്കാരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പാവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരുന്നത്. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

തുറമുഖ പദ്ധതി പനത്തുറ മുതല്‍ വലിയവേളി വരെയുള്ള 7876 വീടുകളില്‍ മൂവായിരം വീടുകളെ പദ്ധതി ബാധിക്കുമെന്ന് അന്ന് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം ഏറ്റെടുക്കലിനും വീട് നിര്‍മ്മാണത്തിനും 350 കോടിയും ജീവനോപാദിക്ക് 59 കോടിയും ഉള്‍പ്പെടെ നീക്കിവച്ച് ഉത്തരവിറക്കിയത്. എന്നാല്‍ ആ പദ്ധതി നടപ്പാക്കാന്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ തയാറായില്ല. അതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അല്ലാതെ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ നല്‍കിയ നഷ്ടപരിഹാര പക്കേജിനെ കുറിച്ചല്ല പറയുന്നത്. ഇത് തന്നെയാണ് അതിരൂപതയും സമരത്തിലൂടെ ഉന്നയിക്കുന്നത്.

വിജയകരമായ വേഗതയിലാണ് തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്നാണ് തുറമുഖ വകുപ്പ് മന്ത്രി പറയുന്നത്. കരാര്‍ പ്രകാരം 2015 ല്‍ ആരംഭിച്ച പദ്ധതി 2019 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അന്ന് മുതല്‍ സര്‍ക്കാരിന് പിഴയൊടുക്കണം. ഇപ്പോള്‍ 2024 ല്‍ മാത്രമെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാകൂവെന്നാണ് കമ്പനി പറയുന്നത്. എന്നിട്ടാണ് വേഗത്തിലാണ് പണി നടക്കുന്നതെന്ന് മന്ത്രി പറയുന്നത്.

3100 മീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ടാണ് പദ്ധതിക്ക് വേണ്ടി നിര്‍മ്മിക്കേണ്ടത്. അതില്‍ 1800 മീറ്റര്‍ മാത്രമെ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. പദ്ധതിക്ക് ആവശ്യമായ പറയുടെ 46 ശതമാനം മാത്രം സംഭരിക്കാനെ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. നിര്‍മ്മാണം മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 മീറ്റര്‍ കടത്തീരം നഷ്ടപ്പെട്ടു. അഞ്ച് വര്‍ഷം കൊണ്ട് വലിയതുറയില്‍ മാത്രം അഞ്ച് വരി വീടുകളാണ് കടലെടുത്തത്. കൊച്ച്‌തോപ്പ് മുതല്‍ തുമ്പ വരെയുള്ള തീരം തുറമുഖ നിര്‍മ്മാണത്തിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണം കൊണ്ട് ഒറു തീരശോഷണവും ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തീരശോഷണമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അദാനിയുടെയും സര്‍ക്കാരിന്റെയും നിലപാട് ഒന്നാണ്. എന്നാല്‍ തുറമുഖ നിര്‍മ്മാണം നടക്കുമ്പോള്‍ തീരശോഷണം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. ആ പാക്കേജാണ് നിങ്ങള്‍ അട്ടിമറിച്ചത്.

പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാണ് അതിരൂപതയും ആവശ്യപ്പെടുന്നത്. തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കാനും സമയബന്ധിതമായി പുനരധിവാസം നടപ്പിലാക്കാനും സര്‍ക്കാര്‍ തയാറാകണം. അടിയന്തിരമായ വലിയതുറയിലെ ഗോഡൗണില്‍ കഴിയുന്നവര്‍ക്ക് വാടക വീട് എടുത്ത് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മണ്ണെണ്ണ വില കൂട്ടിയതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ മണ്ണെണ്ണയ്ക്ക് 46 രൂപ ഉണ്ടായിരുന്നപ്പോഴാണ് യു.ഡി.എഫ് സര്‍ക്കാര്‍ 25 രൂപ സബ്‌സിഡി നല്‍കിയത്. അതേ സബ്‌സിഡി തന്നെയാണ് 116 രൂപയുള്ളപ്പോഴും തുടരുന്നത്. ഈ സാഹചര്യത്തില്‍ സബ്‌സിഡി വര്‍ധിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. തമിഴ്‌നാട്ടില്‍ 25 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത്. അത്രയും സബ്‌സിഡി നല്‍കാന്‍ നമ്മുടെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലെങ്കിലും സബ്‌സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മറൈന്‍ ആംബുലന്‍സ് വാങ്ങിയെങ്കിലും അത് കടലില്‍ ഇറങ്ങില്ല. ഓടിക്കാനും ആളില്ല. എന്നിട്ടാണ് ആംബുലന്‍സ് വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതിയും മുടങ്ങിയ സ്ഥിതിയിലാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പാക്കേജും ഓഖി പാക്കേജും ഇതുവരെ നടപ്പാക്കിയില്ലെന്നും പ്രമേയത്തിൽ സതീശൻ ചൂണ്ടിക്കാട്ടി.

 

Leave Comment