ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെയും എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എംപിയുടെയും താരിഖ് അന്‍വറിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും നേതൃത്വത്തില്‍ കെപിസിസിയില്‍ യോഗം ചേര്‍ന്നു. രമേശ് ചെന്നിത്തല,ഭാരത് ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റര്‍ കൊടിക്കുന്നില്‍

സുരേഷ് എംപി,കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാതലത്തിലുള്ള അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്.സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിലെ അവലോകന യോഗത്തില്‍ പങ്കെടുത്തു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം പുരോഗമിക്കുകയാണ്.

സെപ്റ്റംബര്‍ 7 തീയതി കന്യാകുമാരിയില്‍ വൈകുന്നേരം 5മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെ ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. സെപ്റ്റംബര്‍ 11ന് ജാഥ കേരളത്തില്‍ പ്രവേശിക്കും. തിരുവനന്തപുരം തൃശ്ശൂര്‍ വരെ ദേശീയപാത വഴിയും തൃശ്ശൂര്‍ മുതല്‍ നിലമ്പൂര്‍ വരെ സംസ്ഥാനപാതയിലൂടെയുമാണ് ജാഥ കടന്ന് പോകുന്നത്.ജാഥയുടെ ക്രമീകരണങ്ങളെ സംബന്ധിച്ച് ദേശീയ കോ-ഓഡിനേറ്ററും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശും കെപിസിസി യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യമായ ക്രമീകരണങ്ങള്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഏകോപിച്ച് വരുകയാണ്.

Leave Comment