ഫ്ലോറിഡക്ക് ഫോമായുടെ സഹായഹസ്തം : ഇയാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു

Spread the love

ന്യു യോർക്ക്: ഇയാൻ കൊടുങ്കാറ്റു നാശം വിതച്ച ഫ്ളോറിഡയിലെയും മറ്റു സ്റ്റേറ്റുകളിലെയും ആളുകൾക്ക് സഹായമെത്തിക്കാൻ ഫോമാ ഇയാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു.

ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും (22-24) ഫോമായുടെ സൺഷൈൻ റീജിയന്റെ ഇപ്പോഴത്തെയും 22-24 കാലത്തെയും ഭാരവാഹികളും അംഗങ്ങളായ ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത യോഗം ഒക്ടോബർ 1 ഞായർ 9:00 PM (ഈസ്റ്റേൺ) ചേരും..

ഇതുവരെ യുഎസ് മലയാളി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. എന്നാൽ ശുദ്ധജല ക്ഷാമം ഒരു വെല്ലുവിളിയാണ്. അത് പോലെ ഗ്യാസിനും ക്ഷാമം നേരിടുന്നു. പല ഗ്യാസ് സ്റ്റേഷനുകളും അടച്ചുപൂട്ടി. ഒട്ടുമിക്ക കുടുംബങ്ങൾക്കും ഇപ്പോഴും വൈദ്യുതിയില്ല. ഈ സ്ഥിതി ആഴ്ചകളോളം നീണ്ടേക്കും. ഹൈവേ I-75 പലയിടത്തും അടച്ചുപൂട്ടി (പോർട്ട് ഷാർലറ്റ് ഏരിയയ്ക്ക് സമീപം)

ഫോമായുടെ അടിയന്തര പരിഗണന വേണ്ട മേഖലകൾ ഇവയാണ്: ഫോർട്ട് മിയേഴ്സ്, നേപ്പിൾസ്, പോർട്ട് ഷാർലറ്റ്, കേപ് കോറൽ എന്നിവ. മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡയുടെ പരിധിയിൽ വരുന്നതാണിവ.

ഫോമാ എക്‌സിക്യൂട്ടീവും സൺഷൈൻ റീജിയൻ ടീമും ചേർന്ന് ഇതിനകം പല പ്രവർത്തനങ്ങളും നടത്തുന്നു. എല്ലാ പ്രാദേശിക അസോസിസ്റയേഷനുകളുമായും ബന്ധപ്പെട്ടു .
ഫോമാ നേതാക്കളായ വിഷ്ണു പ്രതാപും അജേഷ് ബാലന്ദന്ദനും പോർട്ട് ഷാർലറ്റ് റീജിയണിൽ 1000 പാക്കറ്റ് ഭക്ഷണവും 70 കെയ്‌സ് വെള്ളവും എത്തിക്കുന്നതിന് നേതൃത്വം നൽകുന്നു.

ജനങ്ങളുടെ ആവശ്യങ്ങളുടെ ലിസ്റ്റു തയ്യാറാക്കുകയും അവ എത്തിക്കുന്നതിന് സഹായം നൽകാൻ താൽപര്യമുള്ളവരെ ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഫോർട്ട് മയേഴ്‌സ് മേഖലയിലെ അസോസിയേഷൻ നേതാക്കളായ ബിനൂബ് ശ്രീധരൻ, അജേഷ് ബാലാനന്ദൻ, വിഷ്ണു പ്രതാപ് തളാപ്പിൽ, സ്വപ്ന നായർ തുടങ്ങിയവർ എന്തൊക്കെ ആവശ്യമുണ്ടെന്നും അത് എപ്പോൾ ലഭിക്കണമെന്നും അറിയിക്കും.

നിങ്ങൾ ഫ്ലോറിഡ മേഖലയിലാണെങ്കിൽ, എന്തൊക്കെ സഹായം എത്തിക്കാൻ കഴിയുമെന്ന് ഞങ്ങളെ അറിയിക്കുക. സൺഷൈൻ റീജിയൻ നേതാക്കൾ നിങ്ങളെ ബന്ധപ്പെടുകയും അവ ഏറ്റു വാങ്ങുകയും ചെയ്യും.

ഇപ്പോൾ ഫോമാ താഴെപ്പറയുന്ന സേവനങ്ങൾ ഏകോപിപ്പിക്കുന്നു. വീണു കിടക്കുന്ന മരം നീക്കം ചെയ്യുന്നതിനും, സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനും വീടിന്റെ ഭാഗങ്ങൾ പുനർനിർമിക്കുന്നതിനും ശാരീരിക /സന്നദ്ധസേവന സഹായം
അഞ്ച് ഗാലൻ ഗ്യാസ് ടാങ്കുകൾ, ഭക്ഷണ പാക്കറ്റുകൾ, വെള്ളം എന്നിവ നൽകാൻ സഹായിക്കുന്നു
ഉപകരണങ്ങൾ (ജനറേറ്റർ, പ്രൊപ്പെയ്ൻ ടാങ്ക്, മരുന്നുകൾ, തുണികൾ) എന്നിവ ലഭ്യമാക്കാൻ ശ്രമിക്കുന്നു.
താൽക്കാലിക താമസത്തിനുള്ള അഭ്യർത്ഥനകളും പരിഗണിക്കുന്നു.

“ഇയാൻ” ടാസ്‌ക് ഫോഴ്‌സ് മീറ്റിംഗിൽ ഫോമാ പ്രസിഡന്റ് (2022-24) ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓജസ് ജോൺ (2022-24) സ്വാഗതം പറഞ്ഞു. ട്രഷറർ (2022-24) ബിജു തോണിക്കടവിൽ ആമുഖ പ്രസംഗം നടത്തി.
ആർവിപി (2022-24) ചാക്കോച്ചൻ ജോസഫ് ഫ്ലോറിഡയിലെ സ്ഥിതിഗതികൾ അവതരിപ്പിച്ചു.
നാഷണൽ കമ്മിറ്റി (2022-24) അംഗങ്ങളായ അജേഷ് ബാലാനന്ദൻ, ബിജോയ് സേവ്യർ, നിലവിലെ ആർ .വിപി
വിൽസൺ ഉഴത്തിൽ, നിലവിലെ നാഷണൽ കമ്മിറ്റി അംഗവും MAoSWF പ്രസിഡന്റുമായ ബിനൂബ് ശ്രീധരൻ, ഫോമാ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗീസ്, ഫോമാ കംപ്ലയൻസ് കൗൺസിൽ സെക്രട്ടറി ഡോ ജഗതി നായർ, MAOSWF (ഫോർട്ട് മയേഴ്സ്) സെക്രട്ടറി ഡോ സ്വപ്ന നായർ, എംഎഒഎസ്ഡബ്ല്യുഎഫ് (ഫോർട്ട് മയേഴ്സ്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിഷ്ണു പ്രതാപ്, ഒർലാൻഡോ യുണൈറ്റഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രവിബ് നായർ, വെസ്റ്റ് പാം ബീച്ച് അസോസിയേഷൻ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ, നവകേരളം ട്രഷറർ സുശീൽ നാലകത്ത് തുടങ്ങിയവർ പങ്കെടുത്തു.

Author