രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടി : മന്ത്രി വീണാ ജോര്‍ജ്

Spread the love

6 പകര്‍ച്ചവ്യാധികളുടെ നിര്‍മ്മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മ്മ പരിപാടി

തിരുവനന്തപുരം: സംസ്ഥാനത്തെ രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 പകര്‍ച്ചവ്യാധികളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പരിപാടി തയ്യാറാക്കും. നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി മലേറിയ, കാലാ അസാര്‍, മന്ത് രോഗം, ക്ഷയരോഗം, മീസില്‍സ്, റുബല്ല എന്നീ 6 രോഗങ്ങളാണ് സമയബന്ധിതമായി നിര്‍മ്മാര്‍ജനം ചെയ്യാനുദ്ദേശിക്കുന്നത്. ഇനിയുള്ള മാസങ്ങളില്‍ ഓരോ ജില്ലയും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിശ്ചയിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി ജില്ലാതല ശില്പശാലകളും സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മലേറിയ 2025 ഓടേയും, മന്ത് രോഗം 2027 ഓടേയും, കാലാ അസാര്‍ 2026 ഓടേയും, ക്ഷയ രോഗം 2025 ഓടേയും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടിയാണ് രോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ആര്‍ദ്രം മിഷനിലൂടെ ആശുപത്രികള്‍ ജനസൗഹൃദമാക്കുക, ചികിത്സാ ചിലവുകള്‍ കുറയ്ക്കുക, ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യകരമായ ജീവിതം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും ശീലവത്ക്കരണം നടത്തുകയും ചെയ്യുന്നു.

ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി. മീനാക്ഷി, അഡിഷണല്‍ ഡയറക്ടര്‍ ഡോ. സക്കീന, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി .ജിതേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.