ദൈവശാസ്ത്രത്തില്‍ 32 അല്മായര്‍ ഡിപ്ലോമ നേടി. ടെക്സാസില്‍ ബിരുദദാന ചടങ്ങു നടന്നു : മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേല്‍ (ടെക്സാസ്): കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ ചിക്കാഗോ സെന്റ് തോമസ് സീറോമബാര്‍ രൂപതയുടെ വിശ്വാസപരിശീലന ഡിപ്പാര്‍ട്‌മെന്റിന്റെ കീഴില്‍ മാര്‍ത്തോമാ തീയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ടെക്സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ 32 അല്മായര്‍ ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ ബിരുദം നേടി.

Picture3

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ബിരുദധാരികള്‍ക്ക് ഡിപ്ലോമ സമ്മാനിച്ചു. ചിക്കാഗോ രൂപതാ ചാന്‍സലറും രൂപതാ മതബോധന ഡയറക്റ്ററുമായ ഡോ. ജോര്‍ജ് ദാനവേലില്‍ , സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നിവര്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു പ്രശംസാപത്രവും ഫലകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

വാരാന്ത്യത്തില്‍ നടന്ന പഠനപ്രോഗ്രാമില്‍ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസര്‍മാര്‍ നയിച്ച ക്ലാസുകളില്‍ രണ്ടര വര്‍ഷം കൊണ്ടാണ് വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയത്. കൊപ്പേല്‍. സെന്റ് അല്‍ഫോന്‍സാ പാരീഷ് ആയിരുന്നു പഠനത്തിനു സൗകര്യം ഒരുക്കിയത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയുട്ടുമായി അഫിലിയേറ്റഡ് ആണ് ബിരുദം. ചിക്കാഗോ സെന്റ്. തോമസ് രൂപതയുടെ മാര്‍ത്തോമാ തീയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ദൈവശാസ്ത്ര ബിരുദം നേടിയ രണ്ടാമത്തെ ബാച്ച് ആയിരുന്നു സെന്റ് അല്‍ഫോന്‍സായിലേത്. ബിരുദം നേടിയയവരില്‍ 17 പേര്‍ ഇടവകയിലെ വിശാസപരിശീലന അധ്യാപകര്‍ ആയിരുന്നു. ആറു ദമ്പതിമാര്‍ ബാച്ചില്‍ ഉണ്ടായിരുന്നതും പ്രത്യേകതയായി.

Picture2

ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ സ്പിരിച്വല്‍ ലീഡറും, സിസിഡി അധ്യാപകനും ഇടവകാംഗവുമായ മാനുവല്‍ ജോസഫ് രണ്ടര വര്‍ഷം നീണ്ട പാഠ്യപരിപാടിയുടെ ഇടവകയയിലെ കോര്‍ഡിനേറ്ററും കൗണ്‍സിലറും ആയിരുന്നു. മാനുവല്‍ ജോസഫിനൊപ്പം വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, കൈക്കാരന്മാരായ ടോം ഫ്രാന്‍സീസ്, എബ്രഹാം പി മാത്യൂ , പീറ്റര്‍ തോമസ് , സാബു സെബാസ്റ്റ്യന്‍ , സെക്രട്ടറി ജോര്‍ജ് തോമസ് എന്നിവര്‍ ഇടവകയില്‍ നടന്ന ഗ്രാഡുവേഷന്‍ സെറിമണി മനോഹരമാക്കുന്നതില്‍ നേതൃത്വം നല്‍കി

Leave Comment